പാലോലിക്കുളങ്ങര ലെവൽ ക്രോസിൽ യാത്രാദുരിതം
Friday 16 May 2025 12:03 AM IST
തൊടിയൂർ: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് വടക്ക് വശം പാലോലിക്കുളങ്ങര ലെവൽ ക്രോസ് മറികടക്കാൻ യാത്രക്കാർ പാടുപെടുന്നു. ലെവൽ ക്രോസിലും ട്രാക്കിനുള്ളിലും വശങ്ങളിലുമായി പാകിയിട്ടുള്ള കോൺക്രീറ്റ് കട്ടകൾ ഇളകിയും പൊട്ടിപൊളിഞ്ഞും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നു. ഉയർന്നും താഴ്ന്നും നിൽക്കുന്ന കട്ടകൾക്ക് മീതേ വാഹനങ്ങൾ ഓടിച്ചു പോകാൻ പ്രയാസമാണ്. ഇരുചക്ര വാഹന യാത്രക്കാർ സാഹസികമായാണ് ഇവിടം കടന്നു പോകുന്നത്. കോൺക്രീറ്റ് കട്ടകൾക്കിടയിൽ ഇരുചക്രവാഹനങ്ങൾ കൂടുന്നതും യാത്രക്കാർ മറിഞ്ഞു വീഴുന്നതും സാധാരണമാണെന്ന് നാട്ടുകാർ പറയുന്നു. വെളുത്തമണൽ, ഇടക്കുളങ്ങര ഭാഗങ്ങളിൽ നിന്ന് ദേശീയ പാതയിൽ പുള്ളിമാൻ ജംഗ്ഷനിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന വഴിയിലാണ് ഈ റെയിൽവേ ഗേറ്റ്. എത്രയും വേഗം ഇവിടം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.