തെരുവ് നായ്ക്കൾ പെറ്റുപെരുകി: കടിച്ചുകീറി കലിപ്പ്

Friday 16 May 2025 12:23 AM IST

15 ദിവസത്തി​നി​ടെ ജില്ലയിൽ കടിയേറ്റത് 420 പേർക്ക്

കൊല്ലം. ജില്ലയിൽ കഴിഞ്ഞ 15 ദിവസത്തിനിടെ പേവിഷ പ്രതിരോധ വാക്സിനെടുത്തത് 1700 ഓളം പേർ. ഇതിൽ 420 ഓളം പേർ തെരുവ് നായയുടെ കടിയേറ്റവരാണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്ക്. തെരുവ് നായയുടെ ആക്രമണം വ്യാപകമായിട്ടും വന്ധ്യംകരണവും പേവിഷ പ്രതിരോധ വാക്സിനേഷനും ഊർജ്ജിതമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാകുന്നില്ല.

നിലവിൽ കൊല്ലം കോർപ്പറേഷനിൽ മാത്രമാണ് തെരുവ് നായ വന്ധ്യംകരണം നടക്കുന്നത്. കൊല്ലം കോർപ്പറേഷന് പുറമേ മൃഗസംരക്ഷണ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ അഞ്ച് പഞ്ചായത്തുകളിൽ മാത്രമാണ് തെരുവ് നായകൾക്കുള്ള പേവിഷ പ്രതിരോധ വാക്സിനേഷൻ നടക്കുന്നത്. തെരുവ് നായകൾ അതിവേഗം പെറ്റുപെരുകുന്നതിനാൽ നിരന്തരം പേവിഷ പ്രതിരോധ വാക്സിനേഷനും വന്ധ്യംകരണവും നടന്നില്ലെങ്കിൽ ഫലമില്ല. ജനങ്ങളുടെ എതിർപ്പ് കാരണം ഇതിനുള്ള കേന്ദ്രം സജ്ജമാക്കാൻ കഴിയുന്നില്ലെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ന്യായീകരണം. എന്നാൽ ജനവാസമില്ലാത്ത സ്ഥലങ്ങൾ കണ്ടെത്താൻ കാര്യമായ പരിശ്രമം ഉണ്ടാകുന്നില്ല.

10 നായ്ക്കകൾക്ക് പേവിഷബാധ

 ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പത്ത് തെരുവ് നായകൾക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

 ഇതിലൊന്ന് ചാത്തന്നൂരിൽ ജനങ്ങളെ ആക്രമിച്ച തെരുവ് നായയാണ്

 പ്രദേശത്തെ മറ്റ് തെരുവ് നായകളിലും രോഗബാധയ്ക്ക് സാദ്ധ്യത

 രണ്ടാമത്തേത് ശൂരനാട്ടെ വളർത്ത് നായയാണ്

 അവശനായിരുന്ന നായ എതാനും ദിവസം മുമ്പ് ചത്തു

 പോസ്റ്റ് മോർട്ടത്തിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്

ഉപേക്ഷിച്ചാൽ പിഴ ₹ 10000

വളർത്ത് നായകളെ ഉപേക്ഷിക്കുന്നവർക്ക് പതിനായിരം രൂപ പിഴ ചുമത്തുമെന്ന് കൊല്ലം കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. ഉപേക്ഷിക്കുന്ന തെരുവ് നായകൾ ആശ്രാമം മൈതാനത്ത് അടക്കം പെറ്റുപെരുകുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്.

ജില്ലയിൽ പ്രതിമാസം ശരാശരി കടിയേൽക്കുന്നത് 3200 പേർക്ക്

 ഇതിൽ മൂന്നിലൊന്ന് തെരുവ് നായ ആക്രമണം

 വളർത്ത് നായ്ക്കകളുടെ എണ്ണം ഉയർന്നു

 പേവിഷ വാക്സിനേഷനിൽ വിമുഖത

പൊതുജനങ്ങളുടെ പരാതികൾ അടിസ്ഥാനമാക്കി നിരീക്ഷണ കാമറകൾ പരിശോധിച്ച് നായകളെ ഉപേക്ഷിക്കുന്ന വാഹനം കണ്ടെത്തി പിഴ ചുമത്തും.

കോർപ്പറേഷൻ അധികൃതർ