ലോറിയിടിച്ച് കുതിരയ്ക്ക് ഗുരുതര പരിക്ക്

Friday 16 May 2025 12:25 AM IST
ലോറിയിടിച്ച് പരിക്കേറ്റ് റോഡരികിൽ കിടക്കുന്ന കുതിര

കുളത്തൂപ്പുഴ: ഇടറോഡിൽ നിന്ന് ഹൈവേ പാത മറികടക്കുന്നതിനിടെ ലോറിയിടിച്ച് കുതിരയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

മലയോര ഹൈവേയിൽ ചോഴിയക്കോട് ജംഗ്ഷനിൽ സമീപം പോസ്റ്റ് ഓഫീസ് വലിയ വളവിൽ കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം.

ചോഴിയക്കോട് സ്വദേശി സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കുതിരയ്ക്കാണ് പരിക്കേറ്റത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് ഇടിച്ചത്. കുതിരയുടെ നട്ടെല്ലിനും പിൻകാലുകൾക്കും വയറിനുമാണ് പരിക്കേറ്റത്. റോഡിൽ കിടന്ന കുതിരയെ ജെ.സി.ബിയുടെ സഹായത്തോടെ പാതയോരത്തെ വീട്ടുപറമ്പിലേക്ക് മാറ്റി. വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലേ കുതിരയ്ക്ക് എഴുന്നേറ്റ് നിൽക്കാൻ കഴിയൂ. നാളുകളായി കുതിര റോഡിലൂടെ ഉടമസ്ഥനില്ലാതെ അലക്ഷ്യമായി പോകുന്നത് പതിവായിരുന്നു. കുളത്തൂപ്പുഴ പൊലീസും പഞ്ചായത്ത്‌ അധികൃതരും പല തവണ ഉടമസ്ഥന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇത് വകവച്ചില്ല. ഇത് സംബന്ധിച്ച് മാസങ്ങൾക്ക് മുമ്പ് കേരളകൗമുദിയും വാർത്ത നൽകിയിരുന്നു.