ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

Friday 16 May 2025 3:45 AM IST

ശബരിമല: ഇടവമാസ പൂജകൾക്കായി നടതുറന്ന ശബരിമല സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക് . ഇന്നലെ പുലർച്ചെ നടതുറന്നപ്പോൾ സന്നിധാനം കൊടിമരത്തിന് ഇരുവശങ്ങളിലൂടെ ബലിക്കൽപ്പുര വഴി നേരിട്ടുള്ള ദർശനത്തിന് തിരക്കേറി. താഴെ തിരുമുറ്റവും വലിയനടപ്പന്തലും പിന്നിട്ട് ഭക്തരുടെ നിര ജ്യോതിർ നഗറിലേക്ക് നീണ്ടു. പുലർച്ചെ 5ന്

മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തി. തന്ത്രിയുടെ കാർമ്മികത്വത്തിൽ കിഴക്കേ മണ്ഡപത്തിൽ മഹാഗണപതിഹോമം നടത്തി. നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷഃപൂജ എന്നിവയ്ക്കുശേഷം കുട്ടികൾക്ക് ചോറൂണ് വഴിപാട് നടത്തി. തുടർന്ന് ഇടവമാസത്തിലെ ആദ്യ കളഭാഭിഷേകം നടന്നു. ഉച്ചപൂജയ്ക്കുശേഷം അടച്ച നട വൈകിട്ട് 4ന് തുറന്നു. 6.30ന് ദീപാരാധനയ്ക്കുശേഷം പടിപൂജയും പുഷ്പാഭിഷേകവും അത്താഴപൂജയും നടത്തി. മാളികപ്പുറം ക്ഷേത്രത്തിൽ ഇന്നലെ മുതൽ ദീപാരാധനയ്ക്കുശേഷം ഭഗവതിസേവ ആരംഭിച്ചു. ഇടവമാസ പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന് നട അടയ്ക്കും.