മലപ്പുറം താലൂക്ക് ആശുപത്രിയിൽ 30 ബെഡുകൾ മാത്രം: രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം
മലപ്പുറം: താലൂക്ക് ആശുപത്രിയിൽ അഡ്‌മിറ്റ് രോഗികളുടെ എണ്ണം വെട്ടിക്കുറച്ചതോടെ രോഗികൾ ദുരിതത്തിൽ. കിടത്തി ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്ന് വീണതോടെ ഇവിടേക്ക് രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ഇതോടെ 116 ബെഡുകളുള്ള ആശുപത്രിയിൽ 30 ബെഡുകൾ ഇടാൻ മാത്രമാണ് സൗകര്യമുള്ളത്. അപകടങ്ങളിൽപെടുന്നവർ, ഗർഭിണികൾ, മറ്റ് അടിയന്തര സാഹചര്യങ്ങളിൽ എത്തിക്കുന്നവർ എന്നിവരെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ട സ്ഥിതിയാണ്. മഞ്ചേരി മെഡിക്കൽ കോളേജ്, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി എന്നിവയാണ് സമീപത്തെ സർക്കാർ ആശുപത്രികൾ. ഇവിടേക്ക് രോഗികളെ എത്തിക്കാൻ സമയമെടുക്കും എന്നതിനാൽ മലപ്പുറം നഗരത്തിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് ജനങ്ങൾ. കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷമാണ് അന്നത്തെ ആശുപത്രി സൂപ്രണ്ട് കിടത്തി ചികിത്സ നിറുത്തിവയ്പ്പിച്ചത്. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, മെഡിസിൻ സർജറി വാർഡ്, കുട്ടികളുടെ വാർഡ് എന്നിവയാണ് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ സമീപത്തെ സ്വകാര്യ കെട്ടിടം വാടകയ്ക്ക് എടുക്കാൻ നഗരസഭ ശ്രമിച്ചെങ്കിലും സർക്കാർ വാടക നിശ്ചയിച്ച് നൽകുന്നതിലെ കാലതാമസം മൂലം ഇതും എങ്ങുമെത്തിയിട്ടില്ല. 2021ൽ കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം (പി.എം.ജെ.വി.കെ) പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം നിർമ്മിക്കാൻ 9.90 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പുതിയ കെട്ടിടം നിർമ്മിക്കേണ്ടത് കോട്ടപ്പടിയിലുള്ള വിദ്യാഭ്യാസ വകുപ്പിന്റെ 4.15 ഏക്കർ സ്ഥലത്താണ്. വിദ്യാഭ്യാസ വകുപ്പിന്റെ ഭൂമി ആരോഗ്യ വിഭാഗത്തിന്റെ ഉടമസ്ഥതയിലേക്ക് മാറ്റിയാലേ പദ്ധതിക്ക് ഭരണാനുമതിക്ക് നൽകാനാവൂ. ഇതു സംബന്ധിച്ച എൻ.ഒ.സിയിൽ കുടുങ്ങി പദ്ധതി നീണ്ടുപോയി. ഭിന്നശേഷിക്കാർക്ക് റാമ്പ്, ലിഫ്റ്റ് അടക്കമുള്ള നാല് നില കെട്ടിടമാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾക്ക് വിദ്യാഭ്യാസ വകുപ്പ്. എൻ.ഒ.സി നൽകിയെന്നാണ് വിവരമെങ്കിലും തുടർനടപടികളൊന്നും ഇതുവരെ കൈകൊണ്ടിട്ടില്ല.
ഓപ്പറേഷൻ തിയേറ്റർ
ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഒന്നര മാസം മുമ്പ് കത്തി നശിച്ച ഓപ്പറേഷൻ തിയേറ്ററിന്റെ പ്രവർത്തനം പുനഃരാരംഭിച്ചിട്ടുണ്ടെങ്കിലും കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഒക്ടോബർ 20ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശിച്ചപ്പോൾ പി. ഉബൈദുല്ല എം.എൽ.എ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വേഗത്തിൽ പദ്ധതി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെങ്കിലും ഇതുവരെ യാതൊരു നടപടിയുമായിട്ടില്ല.
പുതിയ കെട്ടിട നിർമ്മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവരെ നേരിൽകണ്ട് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. താത്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്നതിന് വാടക നിശ്ചയിക്കുന്നതിലും മെല്ലെപ്പോക്കാണ്.
മുജീബ് കാടേരി, മലപ്പുറം മുനിസിപ്പൽ ചെയർമാൻ