സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം, ഒരുക്കങ്ങൾ ആരംഭിച്ച് ജില്ല

Friday 16 May 2025 2:52 AM IST

മലപ്പുറം: പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ സ്‌കൂളുകളിലെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന ആരംഭിച്ചു. ചൊവ്വാഴ്ചയാണ് ഫിറ്റ്നസ് പരിശോധിക്കാനായി സ്‌കൂളുകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അംഗീകാരം നൽകിയത്. കുട്ടികളുടെ സുരക്ഷ മുൻനിറുത്തി അറ്റകുറ്റപ്പണി പൂർത്തിയാക്കി സ്‌കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 31നുള്ളിൽ ഉറപ്പാക്കണം. ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമായാൽ മാത്രമേ ക്ലാസുകൾ ആരംഭിക്കാനാവൂ. സ്‌കൂൾ കെട്ടിടത്തിന് പ്രവർത്തനാനുമതി ലഭിക്കണമെങ്കിൽ അടിത്തറ മുതൽ മേൽക്കൂര വരെ ഫിറ്റാണെന്ന് പരിശോധനയിൽ ബോദ്ധ്യപ്പെടണം. കെട്ടിടത്തിന്റെ ബലം, അടിത്തറ, മേൽക്കൂര, കതക്, ജനൽ, തടിപ്പണികൾ, ഫയർ ആൻഡ് സേഫ്റ്റി എല്ലാം പരിശോധിക്കും.

പഞ്ചായത്ത് പരിധിയിൽ വരുന്ന സ്കൂളുകൾക്ക് അസിസ്റ്റന്റ് എൻജിനീയർമാർക്കും നഗരസഭാ പരിധിയിൽ നഗരസഭ എൻജിനീയറിംഗ് വിഭാഗത്തിനുമാണ് പരിശോധനാ ചുമതല. എയ്ഡഡ് സ്‌കൂളുകൾ മാനേജർമാരും സർക്കാർ എൽ.പി സ്‌കൂളുകളിൽ ഗ്രാമപഞ്ചായത്തുകളും ഹൈസ്‌കൂളുകൾ ജില്ലാ പഞ്ചായത്തുമാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്.

ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ 20 വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകൻ, ആറ് മുതൽ എട്ട് വരെ 35 പേർക്ക് ഒരു അദ്ധ്യാപകൻ, ഒമ്പത് മുതൽ 10 വരെ 45 പേർക്ക് ഒരു അദ്ധ്യാപകൻ എന്നതാണ് കണക്ക്. സ്‌കൂൾ തുറന്ന് ആറ് പ്രവൃത്തി ദിനങ്ങൾക്ക് ശേഷമാണ് വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നടത്തുക. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകരെ ആവശ്യമെങ്കിൽ നിയമിക്കും. ജില്ലയിൽ സ്കൂൾ പ്രവേശനോത്സവം എന്ന് നടത്തുമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. അദ്ധ്യാപക സംഘടനകളുടെ പ്രതിനിധികളുമായി ഉടൻ ചർച്ച നടത്തി തീരുമാനിക്കും.

ഫിറ്റ്നസ് പരിശോധിക്കാം

31നകം എല്ലാ സ്‌കൂൾ ബസ് ഡ്രൈവർമാരും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എടുത്തിരിക്കണമെന്നാണ് നിർദ്ദേശം. ജില്ലയിൽ 100 കണക്കിന് വാഹനങ്ങളാണ് പരിശോധിക്കാനുള്ളത്. സ്‌കൂൾ ബസ് ഡ്രൈവർമാർക്കുള്ള അവബോധ ക്ലാസുകൾ വ്യാഴാഴ്ചയും പരിശോധന ബുധനാഴ്ചയും ആരംഭിക്കും. അലക്ഷ്യമായി മദ്യപിച്ചും മറ്റും വാഹനമോടിക്കുന്നതിനാൽ അപകടങ്ങൾ ഉണ്ടാവുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിലൂടെ ക്രമിനൽ പശ്ചാത്തലമുള്ളവരെ ഒഴിവാക്കാനും അപകടങ്ങൾ കുറയ്ക്കാനും സാധിക്കും.

സ്‌കൂൾ തുറക്കുന്നതിന് മുമ്പ് സ്‌കൂളുകളിൽ ശുദ്ധജലം ഉറപ്പാക്കും. സ്‌കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങളും ബോർഡുകളും മാറ്റും. സ്കൂളിലേയ്ക്കുളള വഴികളിലും പരിസരത്തും അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റുകൾ, വൈദ്യുതി കമ്പികൾ ഒഴിവാക്കും. പി.വി.റഫീഖ്, ഡി.ഡി.ഇ