കാളികാവിൽ കടുവ ടാപ്പിംഗ് തൊഴിലാളിയെ കൊന്ന് തിന്നു

Friday 16 May 2025 2:54 AM IST

കാളികാവ്: മലപ്പുറം കാളികാവിൽ കടുവയുടെ ആക്രമണത്തിൽ റബർ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. ചോക്കാട് പഞ്ചായത്ത് കല്ലാമൂല സ്വദേശി കളപ്പറമ്പിൽ ഗഫൂറലിയാണ്(41) മരിച്ചത്. ശരീരത്തിന്റെ കുറേഭാഗം ഭക്ഷിച്ച നിലയിലായിരുന്നു.

ഇന്നലെ രാവിലെ ആറരയോടെ കാളികാവ് അടക്കാക്കുണ്ട് റാവുത്തൻ കാട് എസ്റ്റേറ്റിലായിരുന്നു സംഭവം. സുഹൃത്തായ കല്ലാമൂല അബ്ദുസമദിനൊപ്പം രാവിലെ ആറോടെയാണ് ഗഫൂറലി തോട്ടത്തിലെത്തിയത്. അര മണിക്കൂറിന് ശേഷമായിരുന്നു ആക്രമണം. പത്തുമീറ്റർ ദൂരത്തിൽ ഇരുവരുമുള്ളപ്പോഴാണ് ഗഫൂറനു നേർക്ക് കടുവ ചാടിവീണത്. കഴുത്തിൽ കടിച്ച് വലിച്ചുകൊണ്ടുപോയി.

ഓടി രക്ഷപ്പെട്ട അബ്ദുസമദിന്റെ നിലവിളി കേട്ട് താഴെ ഭാഗത്ത് ഉണ്ടായിരുന്നവർ ഓടിയെത്തി. തെരച്ചിലിൽ 200 മീറ്റർ അപ്പുറത്ത് നിന്ന് ഗഫൂറലിയുടെ മൃതദേഹം കണ്ടെത്തി. ഗഫൂറലിയും അബ്ദുസമദും മറ്റൊരാളും ചേർന്ന് പാട്ടത്തിനെടുത്തതാണ് തോട്ടം.

രണ്ടുവർഷത്തിലേറെയായി അടക്കാക്കുണ്ട് മേഖലയിൽ നിരന്തരം കടുവയിറങ്ങുന്നുണ്ട്. പല തവണ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഗഫൂറലിയുടെ ഭാര്യ ഹന്നത്ത്. മക്കൾ: ഹൈഫ, അസ മെഹ്റിൻ, ഹസാൻ ഗഫൂർ. പോസ്റ്റുമോർട്ടത്തിന് ശേഷം കല്ലാമൂല ജുമാമസ്ജിദിൽ കബറടക്കി.

ഉപരോധം,​ ഒ‌ടുവിൽ

14 ലക്ഷം നഷ്ടപരിഹാരം

സ്ഥലത്തെത്തിയ വനം ഉദ്യോഗസ്ഥരെ നാട്ടുകാർ ഉപരോധിച്ചു. മൃതദേഹം കൊണ്ടുപോവാൻ അനുവദിച്ചില്ല. കടുവയെ കൊല്ലണമെന്നും ആശ്രിതജോലിയും നഷ്ടപരിഹാരവും ഉടൻ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. മൂന്ന് ആവശ്യങ്ങളും ബന്ധപ്പെട്ടവർ രേഖാമൂലം എഴുതി നൽകിയതോടെയാണ് ഉപരോധം അവസാനിച്ചത്.

10 ലക്ഷം രൂപ നഷ്ടപരിഹാരമായും നാലു ലക്ഷം രൂപ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും കുടുംബത്തിനു ലഭിക്കും. ഗഫൂറലിയുടെ ഭാര്യയ്ക്ക് താത്‌കാലിക ജോലി നൽകും. സ്ഥിരം ജോലിക്ക് വനംവകുപ്പ് സർക്കാരിന് ശുപാർശ ചെയ്യും. കടുവയെ മയക്കുവെടി വച്ച് പിടിക്കാൻ ഡോ. അരുൺ കുമാറിന്റെ നേതൃത്വത്തിൽ 25 അംഗ സംഘത്തെ നിയോഗിച്ചു.