ഗുണ്ടകളെ അമർച്ച ചെയ്യണം: മുഖ്യമന്ത്രി
Friday 16 May 2025 4:00 AM IST
തിരുവനന്തപുരം: ഗുണ്ടകളെ അമർച്ച ചെയ്യണമെന്നും സാമുദായിക സംഘർഷം ലക്ഷ്യമിടുന്ന വർഗീയ ശക്തികളെ ചെറുക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം റേഞ്ചിലെ 3 ജില്ലകളിലെയും രണ്ട് കമ്മിഷണറേറ്റുകളിലെയും ഉദ്യോഗസ്ഥരുടെ യോഗമാണ് നടന്നത്.
കൊച്ചിയിൽ സ്വീകരിച്ചതുപോലെ കടുത്ത നടപടികൾ ഗുണ്ടകൾക്കെതിരെ ഇവിടെയും കൈക്കൊള്ളണം. പരമാവധി ഗുണ്ടകളെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കണം. നല്ലനടപ്പ് ബോണ്ട് ഒപ്പിടീച്ച് നിരീക്ഷണത്തിലാക്കണം. സജീവമായ ഗുണ്ടകളുടെ പട്ടിക ഇടയ്ക്കിടെ പുതുക്കണം. വർഗീയ സംഘർഷങ്ങൾക്കെതിരെ ജാഗ്രത വേണം. ലഹരിക്കെതിരെ അതിശക്തമായ നടപടികളുണ്ടാവണം. സ്കൂളുകളും കോളേജുകളും തുറക്കുന്ന സാഹചര്യത്തിൽ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ സജീവമാക്കണമെന്നും നിർദ്ദേശിച്ചു.