ഭാരതം ലോക നീതി നടപ്പാക്കൽ തുടരും: സുരേഷ് ഗോപി

Friday 16 May 2025 4:07 AM IST

തൃശൂർ: തീവ്രവാദത്തിനെതിരെ ശക്തമായ പോരാട്ടം നയിക്കുന്ന രാജ്യത്തിനൊപ്പമാണ് ജനങ്ങളെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഭാരതത്തിന്റെ ഭാഗത്ത് നിന്നും ലോക നീതി നടപ്പാക്കൽ തുടരും. കോൺഗ്രസിന്റെ അപശബ്ദങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും ഭാരതമാണ് വലുതെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച തിരംഗ യാത്രയിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സൈന്യത്തിന് പിന്തുണ അർപ്പിച്ചുള്ള പൗരന്മാരുടെ പടയാണ് തിരംഗ യാത്രയിൽ അണിനിരന്നിരിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. അയ്യന്തോൾ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷമാണ് തിരംഗ യാത്ര ആരംഭിച്ചത്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച കേണൽ വിശ്വനാഥിന്റെ ഭാര്യ കേണൽ ജലജ വിശ്വനാഥ്, കേണൽ പ്രതാപചന്ദ്രൻ, എന്നിവർ ചേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ദേശീയ പതാക കൈമാറി തിരംഗ യാത്ര ഉദ്ഘാടനം ചെയ്തു.