കടുവയെ തെരയാൻ കുങ്കിയാനകൾ

Friday 16 May 2025 3:22 AM IST

മലപ്പുറം: കാളികാവിൽ മനുഷ്യജീവനെടുത്ത കടുവയെ പിടികൂടാൻ രണ്ട് കുങ്കിയാനകൾ ഉൾപ്പെടെ 25 അംഗ സംഘമെത്തി. കടുവയെ പിടികൂടുക പ്രധാനലക്ഷ്യമെന്ന് നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ജി. ധനിക് ലാൽ പറഞ്ഞു. വയനാട്ടിൽ നിന്നും പാലക്കാട്ടു നിന്നുമുള്ള വെറ്ററിനറി ഡോക്ടർമാരടക്കമുള്ള വിദഗ്ദ്ധ സംഘവും ഇന്നലെ രാത്രിയോടെ കരുവാരക്കുണ്ടിലെത്തി. കടുവയെ പിടുകൂടാൻ സാധ്യമായ വഴികളെല്ലാം നോക്കുമെന്ന് ഡിഎഫ്ഒ പറഞ്ഞു. ഡോ. അരുൺ സഖറിയയും വെറ്ററിനറി ഡോ. അജേഷ് മോഹൻദാസ്, ഡോ. എസ്. ശ്യാം എന്നിവരും സംഘത്തിലുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് കുങ്കിയാനകളെത്തിയത്. മുപ്പതോളം കാമറകൾ കടുവയെ കണ്ട സ്ഥലത്തിന്റെ ചുറ്റുപാടുകളിലായി സ്ഥാപിക്കും. കടുവയുടെ സാന്നിദ്ധ്യം തിരിച്ചറിയാനാണിത്. ഇതിന് പുറമെയാണ് പരിശീലനം നേടിയ കുങ്കിയാനകളെ ഉപയോഗിച്ച് പട്രോളിംഗ് നടത്തുക. ഇതിനായി പരിശീലനം നേടിയ ആർ.ആർ.ടി അംഗങ്ങളെയാണ് ചുമതലപ്പെടുത്തുക. നിലവിൽ വനം വകുപ്പിന്റെ 50 ജീവനക്കാർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിന് പുറമെയാണ് 25 അംഗ വിദഗ്ധ സംഘം കൂടിയെത്തിയത്. കടുവയുടെ കാൽപ്പാടുകൾ കണ്ടതിനാൽ ഗഫൂറിനെ ആക്രമിച്ചത് കടുവ തന്നെയാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. ഗഫൂറിനെ കടിച്ച് വലിച്ച് 200 മീറ്ററോളം ദൂരത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. സൈലന്റ് വാലിയുടെ ഒന്നര കിലോമീറ്റർ ബഫർസോൺ പരിധിയിലാണ് സംഭവം നടന്നത്. രണ്ട് മാസം മുമ്പ് പാന്ത്ര തരിശ് ഭാഗത്ത് കണ്ടതും ഇതേ കടുവ തന്നെയാണെന്നാണ് നിഗമനം.