സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

Friday 16 May 2025 6:50 AM IST

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോളറ മരണം. തലവടി ആറാം വാർഡ് പുത്തൻപറമ്പിൽ പി ജി രഘു (48) ആണ്‌ മരിച്ചത്. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ടിപ്പർ ലോറി ഡ്രൈവറാണ് രഘു. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് പരിശോധിച്ചുവരികയാണ്. ഏപ്രിൽ 29നും മേയ് ഒമ്പതിനുമിടയിൽ രഘു പലവട്ടം തൃശൂരിൽ പോയിരുന്നു. അതിനാൽ ആലപ്പുഴയിൽ നിന്നാണ് രോഗം പിടികൂടിയതെന്ന് ഉറപ്പിക്കാനാകില്ല.

രോഗിക്കൊപ്പം ഉണ്ടായിരുന്നവരിൽ നിന്നും കുടുംബത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇവർക്കാർക്കും ആരോഗ്യപ്രശ്നങ്ങളില്ല. രോഗി പോയിട്ടുള്ള സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. രഘുവിന് ജനുവരിയിൽ കരളിനും മറ്റ് ആന്തരികാവയവങ്ങൾക്കും പ്രശ്നം കണ്ടെത്തിയിരുന്നു.

അതേസമയം,​ ബോധവത്കരണ പ്രവ‌ർത്തനങ്ങളും വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയും പ്രദേശത്ത് നടത്തിയിട്ടുണ്ടെന്ന് ഡി എം ഒ ഡോ.ജമുന വർഗീസ് അറിയിച്ചു. ജ്യൂസിലി​ടുന്ന ഐസുകൾക്ക് ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ കടകളിൽ നിന്ന് ഐസിട്ട ജ്യൂസോ മറ്റ് പാനീയങ്ങളോ കുടിയ്‌‌ക്കുന്നത് നി​യന്ത്രി​ക്കണമെന്ന് ആരോഗ്യവകുപ്പ് അറി​യി​ച്ചു.

രണ്ടാമത്തെ കോളറ മരണം

കേരളത്തിൽ ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കോളറ മരണമാണിത്. കഴിഞ്ഞ മാസം തലസ്ഥാനത്ത് ഒരാൾ മരിച്ചിരുന്നു. മുട്ടട സ്വദേശിയായ അറുപത്തിമൂന്നുകാരനാണ് മരിച്ചത്. ഇദ്ദേഹം കേരളത്തിന് പുറത്ത് യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. അതിനുമുമ്പ് 2024 ജൂലായിലാണ് സംസ്ഥാനത്ത് കോളറ റിപ്പോർട്ട് ചെയ്തത്. അതും തിരുവനന്തപുരത്തായിരുന്നു. നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർഹോമിലെ 10 അന്തേവാസികളും ജീവനക്കാരനുമടക്കം 11 പേർക്കായിരുന്നു രോഗബാധ കണ്ടെത്തിയത്.