നടപടിക്രമങ്ങൾ പാലിച്ചോയെന്ന് എംഎൽഎ, കൃത്യമായ മറുപടി നൽകാതെ ഉദ്യോഗസ്ഥർ; ഫോറസ്റ്റ് സ്റ്റേഷനിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

Friday 16 May 2025 8:47 AM IST

കോന്നി: പാടം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരോട് കെ യു ജനീഷ് കുമാർ എം എൽ എ തട്ടിക്കയറിയതുമായി ബന്ധപ്പെട്ട് കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. നിങ്ങൾ ഒരാളെ വിളിച്ചുവരുത്തണമെങ്കിൽ അതിന് നടപടിക്രമങ്ങളുണ്ടെന്നും ഗുണ്ടായിസം കാണിക്കുകയല്ല വേണ്ടതെന്നും എം എൽ എ പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

എം എൽ എയുടെ ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് കൃത്യമായ മറുപടി നൽകാൻ സാധിക്കാത്തത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഴ്ച പറ്റിയോ എന്ന് പരിശോധിക്കണമെന്ന് സ്ഥലത്തുണ്ടായിരുന്ന കോന്നി ഡി വൈ എസ് പി പറയുന്നതും വീഡിയോയിലുണ്ട്. ജനീഷ് കുമാർ എം എൽ എയുടെ സഹായിയാണ് വീഡിയോ പകർത്തിയത്.

എം എൽ എയ്‌ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. എം എൽ എ തങ്ങളുടെ ജോലി തടസപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി എ അരുൺ പൊലീസിൽ പരാതി നൽകിയിരുന്നു. കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും ഭാരതീയ ന്യായ സംഹിത 135, 351 (2) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

അതേസമയം, എം എൽ എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും വനം വകുപ്പ് ജീവനക്കാർക്കെതിരെയും സി പി എം നേതൃത്വത്തിൽ കോന്നി ഡി എഫ് ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തും. ശനിയാഴ്ച കാട്ടാന ഷോക്കേറ്റ് ചരിഞ്ഞതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി തമിഴ്നാട് സ്വദേശിയായ തൊഴിലാളിയെ വനപാലകർ കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് എം എൽ എ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയത്. കസ്റ്റഡിയിലെടുത്തയാളെ ബലമായി കൊണ്ടുപോവുകയും ചെയ്തിരുന്നു. എം എൽ എ വനപാലകരോട് തട്ടിക്കയറുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. .