ലെവൽ ക്രോസുകളിൽ കാത്തുനിന്ന് സമയം കളയേണ്ട, സഹായവുമായി റെയിൽവേ; പ്രയോജനം ലഭിക്കുന്നവരിൽ നിങ്ങളുണ്ടോ എന്ന് നോക്കൂ
തൃശൂർ: തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷനുകൾക്ക് കീഴിൽ 55 റെയിൽവേ മേല്പാലങ്ങളുടെ നിർമ്മാണം ഏറ്റെടുത്ത് ദക്ഷിണ റെയിൽവേ. നിർമ്മാണം വിവിധ ഘട്ടങ്ങളിൽ നിൽക്കുന്ന 18ഉം തീരെ നിർമ്മാണം നടക്കാത്ത 37ഉം മേല്പാലങ്ങളുടെ നിർമ്മാണമാണ് ഏറ്റെടുത്തത്. കേരളത്തിൽ ആകെ 126 റെയിൽവേ മേല്പാലങ്ങൾക്കാണ് അനുമതി. അപ്രോച്ച് റോഡ് പൂർത്തിയാകാത്തതും അംഗീകാരം ലഭിക്കാത്തതും കരാറാകാത്തതുമായ 55 മേല്പാലങ്ങളുടെ നിർമ്മാണം പൂർണമായും ഏറ്റെടുക്കാനാണ് ദക്ഷിണ റെയിൽവേ തീരുമാനം. തുല്യപങ്കാളിത്തത്തിൽ നിർമ്മിക്കാനാണ് മുമ്പ് തീരുമാനിച്ചിരുന്നത്.
വിവിധ നിർമ്മാണഘട്ടങ്ങളിലുള്ള 18 മേല്പാലങ്ങളുടെ നിർമ്മാണത്തിനായി ഭൂവിലയായ 95 കോടി രൂപ റെയിൽവേ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ട്. അടുത്ത 18 മാസങ്ങൾക്കുള്ളിൽ സംസ്ഥാനത്തിന് കീഴിലുള്ള കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് പൂർത്തിയാക്കി ഈ 18 മേൽപ്പാലങ്ങൾ പൂർത്തിയാക്കി നൽകണം. മറ്റ് 37 മേൽപ്പാലങ്ങളുടെ പ്ലാൻ അംഗീകാരവും ഭൂമിയേറ്റെടുക്കലും ഉൾപ്പെടെ മുഴുവൻ നിർമ്മാണവും റെയിൽവേ തന്നെ വഹിക്കും.
പ്രയോജനം ലഭിക്കുന്ന ലെവൽ ക്രോസുകൾ
- ഇടപ്പള്ളിക്കും എറണാകുളം നോർത്തിനും ഇടയിൽ (ഊരകം - പുതുക്കാട് റോഡിൽ).
- പുതുക്കാട്, ഇരിങ്ങാലക്കുട സ്റ്റേഷനുകൾക്കിടയിൽ.
- വർക്കല ശിവഗിരി സ്റ്റേഷനുകൾക്കിടയിൽ.
- വള്ളത്തോൾ നഗറിനും വടക്കാഞ്ചേരി സ്റ്റേഷനുകൾക്കുമിടയിൽ.
- കടയ്ക്കാവൂർ, മുരുക്കംപുഴ സ്റ്റേഷനുകൾക്കിടയിൽ.
- തലശ്ശേരി, എടക്കോട്ട് സ്റ്റേഷനുകൾക്കിടയിൽ.
- മങ്കരയിൽ ലക്കിടി സ്റ്റേഷന് സമീപം.
- തൃശൂരിൽ പുതുക്കാട്, ഇരിങ്ങാലക്കുട സ്റ്റേഷനുകൾക്കിടയിൽ (ആനന്ദപുരം - നെല്ലായി റോഡിൽ).
- അങ്കമാലി, ആലുവ സ്റ്റേഷനുകൾക്കിടയിൽ.
- തലശ്ശേരിക്കും മാഹിക്കും ഇടയിൽ (തലശ്ശേരി - നാദാപുരം റോഡിൽ).
- പൂങ്കുന്നത്തിനും തൃശൂർ സ്റ്റേഷനുകൾക്കും ഇടയിൽ (തിരുവമ്പാടി റോഡിൽ).
- ഇരിങ്ങാലക്കുടയ്ക്കും ചാലക്കുടി സ്റ്റേഷനുകൾക്കും ഇടയിൽ (ചാലക്കുടി റോഡിൽ).
- വടക്കാഞ്ചേരി വള്ളത്തോൾ നഗർ സ്റ്റേഷനുകൾക്കിടയിൽ (വടക്കാഞ്ചേരി - കരുമത്ര റോഡിൽ).
- തലശ്ശേരിക്കും മാഹി സ്റ്റേഷനുകൾക്കും ഇടയിൽ (ജൂബിലി റോഡിൽ).
- അങ്ങാടിപ്പുറം വാണിയമ്പലം സ്റ്റേഷനുകൾക്കിടയിൽ (മഞ്ചേരി - മേലത്തൂർ റോഡിൽ).
- തുറവൂരിനും ചേർത്തലയ്ക്കും ഇടയിൽ (തുറവൂർ - കുമ്പളങ്ങി റോഡിൽ).
- അമ്പലപ്പുഴയ്ക്കും ഹരിപ്പാടിനും ഇടയിൽ (അമ്പലപ്പുഴ - തിരുവല്ല റോഡിൽ).