ആവേശമായി ത്രിവർണ സ്വാഭിമാന യാത്ര  

Friday 16 May 2025 4:46 PM IST

കൊച്ചി : ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ കേന്ദ്രസർക്കാരിനും സൈന്യത്തിനും അഭിവാദ്യമർപ്പിച്ച് നടന്ന ത്രിവർണ സ്വാഭിമാനയാത്ര നഗരത്തിന് ആവേശമായി. ഗവ. ഗസ്റ്റ് ഹൗസിനു മുന്നിൽ സംവിധായകൻ മേജർ രവി യാത്ര ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ പ്രതിരോധ ശേഷിയും ആക്രമണത്തിന്റെ കൃത്യതയും ലോകത്തിന് കാട്ടിക്കൊടുക്കാൻ ഓപ്പറേഷൻ സിന്ദൂറിലൂടെ കഴിഞ്ഞതായി മേജർ രവി പറഞ്ഞു. ഇനിയൊരു പഹൽഗാമിനു മുതിരാൻ ഒരു ഭീകര സംഘടനയോ അവരെ പിന്താങ്ങുന്ന രാജ്യമോ തയ്യാറികില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പഹൽഗാമിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ ഭാര്യ ഷീല രാമചന്ദ്രൻ, പൂർവ സൈനിക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കമണ്ടർ സജ്ജയൻ, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, സല്യൂട്ട് ഇന്ത്യ കോ-ഓർഡിനേറ്റർ അഡ്വ. എസ്. സജി എന്നിവർ പ്രസംഗിച്ചു.

സ്പൈസസ് ബോർഡ് ചെയർ പേഴ്സൺ അഡ്വ.സംഗീത വിശ്വനാഥൻ, കസ്റ്റംസ് ഡെപ്യൂട്ടി കളക്ടർ എൻ. സലിൻ കുമാർ, എൻ. രാമചന്ദ്രന്റെ മകൻ അരവിന്ദ് ആർ. മേനോൻ, പൂർവ സൈനിക പരിഷത്ത് നേതാക്കളായ കമഡോർ ഗോപാലകൃഷ്ണൻ, വിംഗ് കമ്മാൻഡർ ഗോപാലകൃഷ്ണൻ, കേണൽ മനോജ് ചന്ദ്രൻ, കേണൽ പൗളി തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി. ഗാന്ധി പ്രതിമയ്ക്കു മുന്നിൽ സമാപിച്ചു.