കോൺഗ്രസിന്റേതെന്ന് കരുതി എസ്എഫ്‌ഐക്കാർ പിഴുതത് ഇടതിന്റെ കൊടിമരം, അബദ്ധം മനസിലായപ്പോൾ ചെയ്‌‌തത്

Friday 16 May 2025 5:30 PM IST

കണ്ണൂർ: എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ കോൺഗ്രസിന്റേതെന്ന് കരുതി പ്രവർത്തകർ പിഴുതെടുത്തത് ഇടത് അനുകൂല സംഘടനയുടെ കൊടിമരം. മലപ്പട്ടത്തെ യൂത്ത് കോൺഗ്രസ് മാർച്ചും തുടർന്നുണ്ടായ യൂത്ത്‌ കോൺഗ്രസ്- സിപിഎം സംഘർഷത്തിന്റെയും ബാക്കിയായിരുന്നു ഇന്നത്തെ പ്രതിഷേധ മാർച്ച്.യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിനെതിരെ 'ധീരജിനെ കൊന്നിട്ടും പക അവസാനിപ്പിക്കാൻ തയ്യാറാകുന്നില്ല.' എന്ന് മാർച്ച് ഉദ്ഘാടനം ചെയ്‌ത എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ശരത് പറഞ്ഞു.

പ്രവർത്തകർ പിഴുതെടുത്ത കൊടിമരവുമായി പ്രകടനം നടത്തി മുന്നോട്ട് പോയി. ഒപ്പം വഴിയിൽ കണ്ട ഫ്ളക്‌സുകളും മറ്റ്‌ കൊടിമരങ്ങളുമെല്ലാം തകർത്തു. എന്നാൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ പി കെ രാഗേഷിന്റെ നേതൃത്വത്തിലുള്ള രാജീവ് ജി കൾച്ചറൽ ഫോറത്തിന്റേതായിരുന്നു കൊടിമരം. ഈ കൊടിമരം പിന്നീട് ബസ് സ്റ്റാൻഡ് പരിസരത്ത് ഉപേക്ഷിച്ച് പ്രവർത്തകർ പോകുകയും ചെയ്‌തു. നിലവിൽ ഇടതുപക്ഷത്തിന് പിന്തുണ നൽകുന്നവരാണ് പി കെ രാഗേഷിന്റെ വിഭാഗം.