അമ്മയും മകനും മരിച്ച നിലയിൽ, യുവാവ് ലഹരിക്കടിമ

Saturday 17 May 2025 4:12 AM IST

കൊല്ലം: കൊട്ടിയത്ത് അമ്മയെയും ലഹരിക്കടിമയായ മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയം തഴുത്തല എസ്.ആർ മൻസിലിൽ നസിയത്ത് (55), മകൻ ഷാൻ (32) എന്നിവരാണ് മരിച്ചത്. ഷാന്റെ മൃതദേഹം ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. നസിയത്ത് തറയിൽ മലർന്ന് കിടക്കുകയായിരുന്നു.

ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് ഇന്നലെ രാവിലെ ഏഴിന് നസിയത്ത് പാളയംകുന്നിലുള്ള സഹോദരിയെ വിളിച്ചിരുന്നു.

തുടർന്ന് ബന്ധുക്കൾ എട്ടരയോടെ എത്തിയപ്പോൾ രണ്ട് മുറികളിലായാണ് മൃതദേഹങ്ങൾ കണ്ടത്. രാവിലെ ഏഴിന് ശേഷമാകാം സംഭവമെന്നാണ് സൂചന. ഫാനിൽ തൂങ്ങിയ നസിയത്തിന്റെ മരണമുറപ്പാക്കാൻ ഷാൻ കഴുത്തറുത്തതാണെന്നും സംശയമുണ്ട്. കഴുത്തറുക്കാൻ ഉപയോഗിച്ച കറിക്കത്തി ഹാളിലെ വാഷ് ബേസിനിൽ നിന്ന് കണ്ടെത്തി. നസിയത്തിന്റെ കഴുത്തിൽ ചരടു മുറുകിയിരുന്നു. ഇതിന്റെ ബാക്കി ഭാഗം ഫാനിലും കെട്ടിയിരുന്നു.

നസിയത്ത് രാവിലെ അറരയോടെ വീടിന്റെ മുറ്റമടിക്കുന്നത് അയൽവാസികൾ കണ്ടിരുന്നു. നസിയത്ത് പാലത്തറയിലെയും ഷാൻ കണ്ണനല്ലൂരിലെയും ഫ്രൂട്ട്സ് വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരായിരുന്നു.

 ഷാൻ മർദ്ദിച്ചിരുന്നുവെന്ന് ഭാര്യ

ഷാനും കൊട്ടിയത്തെ ടെക്സ്റ്റൈൽസിലെ ജീവനക്കാരിയായ ഭാര്യ റജീനയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. മറ്റൊരു യുവതിയുമായുള്ള അടുപ്പത്തെ ചൊല്ലിയായിരുന്നു അടുത്തിടെയുള്ള പ്രശ്നം. ഇതേത്തുടർന്ന് രണ്ടാഴ്ചയായി ഷാൻ ജോലിക്ക് പോയിരുന്നില്ല. ബുധനാഴ്ച രാവിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഭാര്യാമാതാവിനെ തനിക്കും സുഖമില്ലെന്നും ഒരുമിച്ച് ആശുപത്രിയിൽ പോകാമെന്നും പറഞ്ഞ് ഷാൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു. വീട്ടിലെത്തിയ തന്നെ ഷാൻ കടന്നുപിടിച്ചുവെന്ന് പറഞ്ഞ് ഭാര്യാമാതാവ് കൊട്ടിയം പൊലീസിൽ പരാതി നൽകി. ഷാൻ തന്നെ പതിവായി മർദ്ദിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി റജീനയും പൊലീസിൽ പരാതി നൽകി. ഷാൻ ഉപയോഗിക്കുന്ന ലഹരിവസ്തുക്കളുടെ കവറുകളും റജീന പൊലീസിന് കൈമാറിയിരുന്നു. നസിയത്തിന്റെ ഭർത്താവ് ഷാന്റെ കുട്ടിക്കാലത്ത് തന്നെ ഉപേക്ഷിച്ച് പോയിരുന്നു. ഷാന് മക്കളില്ല. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.