സി.പി.എമ്മിന്റെ കള്ളവോട്ടുകൾ ഇല്ലാതാക്കും: അടൂർ പ്രകാശ്
തിരുവനന്തപുരം: സംസ്ഥാനത്തെമ്പാടും സി.പി.എം തയ്യാറാക്കിയിട്ടുള്ള കള്ളവോട്ടുകൾ ഇല്ലാതാക്കുമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. പിണറായി സർക്കാരിന് ഭരണത്തുടർച്ച കിട്ടുമെന്ന് ആരും സ്വപ്നം കാണേണ്ടതില്ല. പല നിയോജക മണ്ഡലങ്ങളിലും പരിശോധന നടത്തിയപ്പോൾ കള്ളവോട്ടുകളും ഇരട്ടവോട്ടുകളും ഉൾപ്പെടെയുള്ള കള്ളത്തരങ്ങൾ കണ്ടെത്താനായിട്ടുണ്ട്. സി.പി.എം നടത്തിയ കള്ളത്തരങ്ങൾ ജി.സുധാകരന്റെ നിഷ്കളങ്കത കൊണ്ടാണ് ഇപ്പോൾ പുറത്തുപറഞ്ഞത്.
സി.പി.എം കള്ളവോട്ടുകൾക്കെതിരെ ആദ്യം പരാതി ഉയർത്തിയത് താനാണ്. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ 2019ൽ താൻ ആദ്യം മത്സരിക്കുമ്പോൾ 1.19 ലക്ഷം ഇരട്ടവോട്ടുകളുണ്ടെന്ന് കണ്ടെത്തി. പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോൾ ശരിയെന്ന് ബോദ്ധ്യപ്പെട്ടു. എന്നിട്ടും 3000നും 4000നുമിടയ്ക്ക് വോട്ടുകൾ മാത്രമാണ് ഒഴിവാക്കിയത്.
2024ലെ തിരഞ്ഞെടുപ്പിൽ ഇരട്ടവോട്ടുകളുടെ എണ്ണം 1.64 ലക്ഷമായി ഉയർന്നു. എന്നാൽ, പട്ടിക ശുദ്ധീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. നിരന്തര സമ്മർദ്ദത്തിനൊടുവിൽ വോട്ടെടുപ്പു കേന്ദ്രങ്ങളിൽ വെബ് ക്യാമറ സ്ഥാപിച്ചതോടെയാണ് ഒരുപരിധി വരെ കള്ളവോട്ടുകൾ തടയാനായത്. അതുകൊണ്ടാണ് നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും തനിക്ക് വിജയിക്കാനായത്.
യു.ഡി.എഫ് വിപുലീകരണം കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും അടക്കമുള്ളവരുമായി കൂട്ടായി ചർച്ചചെയ്തു തീരുമാനിക്കും. കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിന്റെ ഭാഗമാക്കാൻ മുൻകൈ എടുക്കുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് കൂട്ടായി ആലോചിച്ച് യുക്തമായ സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.