ലഹരിപ്പിടിയിൽ രക്ഷയായി 'പുനർജനി"

Saturday 17 May 2025 12:40 AM IST

കോഴിക്കോട്: ലഹരിക്കയത്തിലാണ്ടവർക്ക് ജീവിതം തിരികെ പിടിക്കാൻ കരുത്തേകുകയാണ് ഹോമിയോപ്പതി വകുപ്പിന്റെ പുനർജനി പദ്ധതി. 2024ൽ മാത്രം 4555 പേരാണ് ഇത്തരത്തിൽ ചികിത്സ തേടിയത്. ഇതിൽ 2000ത്തിലധികം പേർ ലഹരിയിൽ നിന്ന് മുക്തരായി. ജില്ലാ ഹോമിയോ ആശുപത്രികളിലാണ് പുനർജനി കേന്ദ്രങ്ങളുള്ളത്. കൊല്ലത്ത് രണ്ട് കേന്ദ്രമുണ്ട്. എല്ലായിടത്തും എല്ലാ അഴ്ചയും മുൻകൂട്ടി നിശ്ചയിച്ച ദിവസങ്ങളിൽ മെഡിക്കൽ ഓഫീസറുടെയും സെെക്കോളജിസ്റ്റിന്റെയും സേവനമുണ്ടാകും.

താലൂക്ക് ഹോമിയോ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും നിന്നുമുള്ള റഫറൻസ് രോഗികൾക്കും അല്ലാത്തവർക്കും ചികിത്സ ലഭിക്കും. മൂന്നുമാസം മുതൽ മൂന്ന് വർഷം വരെയാണ് ചികിത്സ. ചികിത്സയിലൂടെ മൂന്ന് മാസത്തിനകം രോഗിയിൽ മാറ്റമുണ്ടാകും. സൗജന്യ മരുന്നുകൾക്ക് പുറമെ രോഗികൾക്കും കുടുംബത്തിനും കൗൺസലിംഗും യോഗ പരിശീലനവും നൽകും. കിടത്തി ചികിത്സയുമൊരുക്കും.

 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവത്കരണം

വിദ്യാഭ്യാസ സ്ഥാപനങ്ങളും റസിഡന്റ്സ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകളും പദ്ധതിയിലൂടെ നടത്തുന്നുണ്ട്. പാർശ്വഫലവും മറ്റ് ലഹരിമുക്തി ചികിത്സകളെ അപേക്ഷിച്ച് ചെലവും കുറവായതിനാൽ കൂടുതൽ പേരാണ് പുനർജനിയിലെത്തുന്നത്. 2012 ൽ സ്ത്രീകളുടെ മാനസിക ഭൗതിക, സാമൂഹ്യ ആരോഗ്യത്തെ ശാക്തീകരിക്കാനാണ് ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച സീതാലയത്തിനു കീഴിൽ പുനർജനി പദ്ധതി നടപ്പാക്കിയത്.

ചികിത്സ നേടിയവർ

 2021................3492

 2022............... 4779

 2023................5191

 2024................4555

'പാർശ്വഫലമില്ലാത്തതിനാൽ കൂടുതൽ പേർ ലഹരിമുക്തിക്കായി ഹോമിയോ ചികിത്സയ്ക്കെത്തുന്നുണ്ട്. മറ്റ് ലഹരിമോചന ചികിത്സകളെ അപേക്ഷിച്ച് ചെലവും കുറവാണ്.

- ഡോ. തസ്നീം, പുനർജനി സംസ്ഥാന നോ‌ഡൽ ഓഫീസർ