ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; മലയാളി താരവും ടീമില്‍

Friday 16 May 2025 9:56 PM IST

മുംബയ്: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായിട്ടാണ് രണ്ട് മത്സര പരമ്പര നടക്കുക. സീനിയര്‍ താരങ്ങളായ നായകന്‍ രോഹിത് ശര്‍മ്മ, വിരാട് കൊഹ്ലി എന്നിവര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സാഹചര്യത്തില്‍ യുവ താരങ്ങള്‍ക്ക് സീനിയര്‍ ടീമിലേക്കുള്ള വഴി കൂടിയാണ് ഇന്ത്യ എ - ഇംഗ്ലണ്ട് ലയണ്‍സ് ചദുര്‍ദിന പരമ്പര.

അഭിമന്യു ഈശ്വരന്‍ നയിക്കുന്ന ടീമില്‍ മലയാളി താരം കരുണ്‍ നായരും ഉള്‍പ്പെട്ടിട്ടുണ്ട്. വിരാട് കൊഹ്ലിയുടെ അഭാവത്തില്‍ നാലാം നമ്പറിലേക്ക് പരിഗണിക്കാന്‍ സാദ്ധ്യത കല്‍പ്പിക്കപ്പെടുന്ന താരമാണ് കരുണ്‍. അതുകൊണ്ട് തന്നെ ലയണ്‍സിനെതിരായ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താനായാല്‍ അത് താരത്തിന്റെ കരിയറില്‍ നിര്‍ണായകമാകും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജൂരലാണ് ടീമിന്റെ ഉപനായകന്‍. ടെസ്റ്റ് ടീമിലെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാളും എ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മേയ് 30നും ജൂണ്‍ ആറിനും കാന്റര്‍ബറിയിലും നോര്‍ത്താംപ്ടണിലുമായാണ് മത്സരങ്ങള്‍. സീനിയര്‍ ടീം ഇംഗ്ലണ്ടിലെത്തിയ ശേഷം ജൂണ്‍ 13ന് ഇന്‍ട്രാ സ്‌ക്വാഡ് മത്സരവുമുണ്ട്. ജൂണ്‍ ആറിന് തുടങ്ങുന്ന രണ്ടാം മത്സരത്തിനു മുമ്പ് ശുഭ്മന്‍ ഗില്ലും സായ് സുദര്‍ശനും എ ടീമിനൊപ്പം ചേരും. ഇഷാന്‍ കിഷന്‍, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരും എ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീം: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്‌വാള്‍, കരുണ്‍ നായര്‍, ധ്രുവ് ജൂരല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ശാര്‍ദുല്‍ ഠാക്കൂര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), മാനവ് സൂതര്‍, തനുഷ് കോട്ടിയാന്‍, മുകേഷ് കുമാര്‍, ആകാശ് ദീപ്, ഹര്‍ഷിത് റാണ, അന്‍ഷുല്‍ കാംബോജ്, ഖലീല്‍ അഹ്‌മദ്, ഋതുരാജ് ഗെയ്ക്‌വാദ്, സര്‍ഫറാസ് ഖാന്‍, തുഷാര്‍ ദേശ്പാണ്ഡെ, ഹര്‍ഷ് ദുബെ.