ചില്ലറക്കാരനല്ല ചിരട്ട: കിലോയ്‌ക്ക് വില 30 രൂപ!
കൊച്ചി: മുടി കറുപ്പിക്കാനും വെള്ളം ശുദ്ധീകരിക്കാനുമൊക്കെ വൻവിലകൊടുത്ത് പാർശ്വഫലങ്ങളുള്ള രാസപദാർത്ഥങ്ങൾ വാങ്ങിയിട്ട് പൊന്നുംവിലയുള്ള ചിരട്ട വലിച്ചെറിയുന്നവർ അറിയുക, ചിരട്ടയ്‌ക്ക് വിപണിയിൽ വില കുതിച്ചുയരുകയാണ്. മൂന്ന് മാസത്തിനിടെ കൂടിയത് 300 ശതമാനം!
ചിരട്ടയ്‌ക്ക് ഇത്ര മൂല്യമുണ്ടെന്ന് ആളുകൾ മനസിലാക്കിയത് സമീപകാലത്താണ്. വീടുകളിലെ ആക്രി ശേഖരിക്കുന്നവർ ഇപ്പോൾ ചോദിക്കുന്നത് ചിരട്ടയാണ്. ഒരു കിലോ ചിരട്ടയ്‌ക്ക് 30 രൂപയിലധികം വിലതരും. വിദേശനാണയം നേടിത്തരുന്ന നല്ലൊരു വ്യാവസായിക ഉത്പന്നമായി ചിരട്ടക്കരി മാറിയതാണ് പെട്ടെന്നുള്ള വിലവർദ്ധനയ്‌ക്ക് കാരണം. ഇറ്റലി, ചൈന, ജർമനി എന്നിവിടങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് വൻതോതിൽ ചിരട്ടക്കരി കയറ്രി അയയ്‌ക്കുന്നുണ്ട്. നാളികേര ഉത്പാദനത്തിൽ ഒന്നാം സ്ഥാനം കേരളത്തിനാണെങ്കിലും ചിരട്ടക്കരിയുടെ വാണിജ്യ മൂല്യം കണ്ടെത്തിയത് മലയാളികളല്ലെന്നത് വേറെ കാര്യം. കർണാടകയിലെ തുങ്കൂറിലും തമിഴ്നാട്ടിലെ കാങ്കയം, ഉദുമൽപേട്ട എന്നിവിടങ്ങളിലുമാണ് ചിരട്ടക്കരി വ്യവസായം പൊടിപൊടിക്കുന്നത്.
വിദേശത്തെ
ഉപയോഗം
#ഉത്തേജിത കാർബൺ ഉത്പാദനം #വെള്ളം, പഞ്ചസാര, പഴച്ചാറ് എന്നിവ ശുദ്ധീകരിക്കാൻ
#സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണം
നാടൻ പ്രയോഗങ്ങൾ
• വീടിനകവും ടോയ്‌ലറ്റും വൃത്തിയാക്കാൻ ചിരട്ടക്കരി മതി
• കറ്റാർവാഴയും ചിരട്ടക്കരിയുമുണ്ടെങ്കിൽ മുടി കറുപ്പിക്കാം
• ഓട്, പിച്ചള പാത്രങ്ങൾ ചിരട്ടക്കരിയിൽ തേച്ച് വെളുപ്പിക്കാം
• അരിയും പയറുമെല്ലാം പെട്ടെന്ന് വേവാൻ ഒരു മുറി ചിരട്ടയിട്ടാൽ മതി
• കരിച്ച് കിണറ്റിലിട്ടാൽ കുടിവെള്ളം ശുദ്ധമാകും
• കരകൗശല വസ്തുക്കൾ ഉണ്ടാക്കാം
• ചിരട്ടക്കരി ദഹനപ്രശ്നങ്ങൾക്ക് മരുന്നാണ്