വിപണിയിൽ പ്രതിരോധ ഓഹരികളുടെ അശ്വമേധം

Saturday 17 May 2025 12:58 AM IST

ഓപ്പറേഷൻ സിന്ദൂറിന് ശേഷം കമ്പനികളിലേക്ക് നിക്ഷേപ ഒഴുക്ക്

കൊച്ചി: അതിർത്തിയിലെ സംഘർഷം ഇന്ത്യയിലെ പ്രതിരോധ കമ്പനികളുടെ ഓഹരി വിലകളിൽ വൻ കുതിപ്പ് സൃഷ്‌ടിക്കുന്നു. ആറ് ദിവസമായി പ്രമുഖ പ്രതിരോധ കമ്പനികളുടെ ഓഹരി വില തുടർച്ചയായി മുകളിലേക്ക് നീങ്ങുകയാണ്. വിദേശ, സ്വദേശ നിക്ഷേപ സ്ഥാപനങ്ങൾ വാങ്ങൽ താത്പര്യം വർദ്ധിപ്പിച്ചതോടെ പ്രതിരോധ ഓഹരി സൂചിക 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന തലത്തിലെത്തി. ആയുധ നിർമ്മാണ രംഗത്ത് തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനമാണ് നിക്ഷേപകർക്ക് ആവേശം കൂട്ടുന്നത്.

കൊച്ചിൻ ഷിപ്പ്‌യാർഡ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, മസഗോൺ ഡോക്ക് ഷിപ്പ്‌ബിൽഡേഴ്‌സ് തുടങ്ങിയവയുടെ ഓഹരികളിലാണ് വൻമുന്നേറ്റമുണ്ടായത്. മേയ് ഒൻപതിന് ശേഷം പ്രതിരോധ ഓഹരി സൂചികയിൽ 20 ശതമാനം വർദ്ധനയുണ്ട്. വിവിധ രാജ്യങ്ങൾ ഇന്ത്യയുടെ ബ്രഹ്‌മോസ് ഉൾപ്പെടെയുള്ള ആയുധങ്ങൾ വാങ്ങാൻ മികച്ച താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയതും ആവേശം ഉയർത്തി.

കരുത്തോടെ കൊച്ചിൻ ഷിപ്പ്‌യാർഡ്

യുദ്ധാനന്തര കാലയളവിൽ ഓഹരി വിപണിയിൽ ചരിത്ര മുന്നേറ്റവുമായി കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡാണ്. വർഷത്തിന്റെ തുടക്കത്തിൽ റെക്കാഡ് വിലയിൽ നിന്ന് 60 ശതമാനം വിലയിടിവ് നേരിട്ട കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരികൾ കഴിഞ്ഞ ദിവസങ്ങളിൽ വൻമുന്നേറ്റം നടത്തി. ഇന്നലെ കമ്പനിയുടെ ഓഹരി വില 13.54 ശതമാനം ഉയർന്ന് 2,057.50 രൂപയിലെത്തി.

നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികൾ

കൊച്ചിൻ ഷിപ്പ്‌യാർഡ്, ഗാർഡൻ റീച്ച് ഷിപ്പ്‌ബിൽഡേഴ്‌സ്, മസഗോൺ ഡോക്ക് ഷിപ്പ്‌ബിൽഡേഴ്‌സ്, ഭാരത് ഇലക്ട്രിക്കൽസ്, ഭാരത് ഡൈനാമിക്‌സ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ്, പരസ് ഡിഫൻസ് ആൻഡ് സ്‌പേസ് ടെക്‌നോളജീസ്