ഇ.ഡിയുടെ പേരു പറഞ്ഞ് തട്ടിപ്പിന് ശ്രമം; 2പേർ പിടിയിൽ

Saturday 17 May 2025 12:07 AM IST

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കാമെന്ന വ്യാജേന കശുഅണ്ടി കയറ്റുമതി ബിസിനസുകാരനായ കൊല്ലം സ്വദേശിയിൽ നിന്ന് രണ്ടു കോടി തട്ടാൻ ശ്രമിച്ച രണ്ടുപേരെ വിജിലൻസ് അറസ്റ്റുചെയ്തു. ഇ.ഡി ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന വ്യാജേനയായിരുന്നു ഇത്. എറണാകുളം തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുകേഷ് ജെയിൻ എന്നിവരാണ് പിടിയിലായത്.

പനമ്പിള്ളി നഗറിൽവച്ച് കൊല്ലം സ്വദേശിയിൽ നിന്ന് രണ്ട് ലക്ഷംരൂപ കൈപ്പറ്റുന്നതിനിടെ വിൽസൺ പിടിയിലായി. തുടർന്നാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്. കൊല്ലം പൊലീസ് രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയാണ് കൊല്ലം സ്വദേശി. കൊവിഡ് വ്യാപനഘട്ടത്തിൽ ആഫ്രിക്കയിലേക്കുള്ള കശുഅണ്ടി കയറ്റുമതിയുമായി ബന്ധപ്പെട്ടാണ് കേസ്. ഇതിൽ ഇ.ഡി പ്രാഥമിക അന്വേഷണം നടത്തുകയും പരാതിക്കാരനെ ഒരുതവണ ചോദ്യവും ചെയ്തിരുന്നു. എന്നാൽ, കേസ് ഏറ്റെടുത്തിരുന്നില്ല.

ഇ.ഡി കേസ് ഏറ്റെടുക്കുമോയെന്ന ആശങ്കയിലായിരുന്നു പരാതിക്കാരൻ. ഇത് തിരിച്ചറിഞ്ഞാണ് ഇ.ഡി നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി നൽകാമെന്ന വ്യാജേന പ്രതികൾ ഇയാളെ സമീപിച്ചത്. സംശയം തോന്നിയ പരാതിക്കാരൻ വിജിലൻസിന് വിവരം കൈമാറി. രണ്ട് കോടിയാണ് ചോദിച്ചത്. വിജിലൻസ് നിർദ്ദേശപ്രകാരം 50,000 രൂപ പരാതിക്കാരൻ ഇവർ നൽകിയ കേരളത്തിന് പുറത്തെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. പണം ഇവർ പിൻവലിച്ചില്ല. പകരം രണ്ട് ലക്ഷംരൂപ പണമായി കൈയിൽ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇത് വാങ്ങാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

14 വർഷമായി എറണാകുളത്ത് താമസിക്കുന്ന മുകേഷ് ജെയിനിന് വൻ ഹവാല ബന്ധങ്ങളുണ്ടെന്നാണ് വിജിലൻസ് നിഗമനം. തട്ടിപ്പിൽ ഏതാനുംപേർകൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെ വരുംദിവസങ്ങളിൽ അറസ്റ്റ് ചെയ്യുമെന്നും വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.