സ്കൂൾ പരിസരത്തെ തെരുവുനായ്ക്കളെ അടയ്ക്കണം ഷെൽട്ടറിൽ

Saturday 17 May 2025 12:06 AM IST
തെരുവുനായ
  • ഒരു ബ്ളോക്കിൽ ഒരു ഷെൽട്ടറെങ്കിലും വേണം.

കോഴിക്കോട്: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് വിദ്യാർത്ഥികളെ രക്ഷിക്കാൻ അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടി ഷെൽട്ടറുകളിലടയ്ക്കണമെന്ന നിർദ്ദേശവുമായി വിദഗ്ദ്ധർ. സ്കൂൾ പരിസരങ്ങളിലെയും മാർക്കറ്റ്, ബസ് സ്റ്റാൻഡ് തുടങ്ങിയ പൊതുസ്ഥലങ്ങളിലെയും നായ്ക്കളെയാണ് പി‌ടിക്കേണ്ടത്. സ്കൂൾ തുറക്കും മുമ്പ് ഇത് ചെയ്യണമെന്നാണ് ആവശ്യം. കടിയേൽക്കുന്നതും മരിക്കുന്നതും കൂടുതലും കുട്ടികളാണ്. വന്ധ്യംകരണത്തിലൂടെ മാത്രം പ്രശ്നം തീരില്ല. അതിനായി വർഷങ്ങൾ കാത്തിരുന്നാൽ പ്രശ്നം ഗുരുതരമാകും. ഇത് തടയാൻ പ്രധാന കേന്ദ്രങ്ങളിലെങ്കിലും തെരുവുനായ്ക്കളെ ഷെൽട്ടറിലടച്ച് പരിപാലിക്കണം. ഇവി‌ടെവച്ച് വന്ധ്യംകരിക്കുകയും വാക്സിനെടുക്കുകയും ചെയ്യാം. ബ്ളോക്ക് തലത്തിൽ ചുരുങ്ങിയത് ഒരു ഷെൽട്ടറെങ്കിലും തുടങ്ങണം. കുട്ടികൾക്ക് ബോധവത്കരണം നൽകണമെന്നും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ആവശ്യപ്പെടുന്നു. കോഴിക്കോട്ട് ഇറച്ചിയും, ഭക്ഷണ മാലിന്യവും പുറമ്പോക്കിലും തെരുവോരങ്ങളിലും തള്ളുന്നത് കൂടുതൽ തെരുവുനായ്ക്കളെ ആകർഷിക്കുന്നു. കൂട്ടം കൂടുമ്പോൾ നായ്ക്കൾ കൂ‌ടുതൽ അക്രമകാരികളാകുന്നതിനാൽ മാലിന്യ നിക്ഷേപം കർശനമായി നിരോധിക്കണം. ചൂട് കൂടിയ കാലാവസ്ഥയിലും ആക്രമണോത്സുകത കൂ‌ടുമത്രെ. അനിമൽ വെൽഫയർ ബോർഡിന്റെ കർശന നിയന്ത്രണങ്ങളാണ് കൂടുതൽ എ.ബി.സി കേന്ദ്രങ്ങൾ തുടങ്ങാൻ തടസമാകുന്നത്. ഡോക്ടർമാർക്കും നഴ്സുമാർക്കുമുള്ള ശമ്പളം, നായ്ക്കൾക്ക് ഭക്ഷണം, കേന്ദ്രം സ്ഥാപിക്കാൻ എയർ കണ്ടീഷൻ ഉൾപ്പെടെ വൻതുകയാകും. ജൂനിയർ വെറ്ററിനറി ഡോക്ടർമാർക്ക് പരിശീലനം നൽകി വന്ധ്യംകരണം നടത്താനും നടപടിയുണ്ടായില്ല.

  • മറ്റ് ചില നിബന്ധനകൾ

2,000 ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ വേണം.

പെല്ലറ്റ് പോലുള്ള ഡോഗ് ഫുഡ് നൽകരുത്.

പരിക്കേറ്റ നായ്ക്കൾക്ക് പ്രത്യേക കേന്ദ്രം വേണം.

നായ്ക്കളെ പിടിച്ചിടത്ത് തിരിച്ചെത്തിക്കണം.

തെരുവുനായ്ക്കളു‌ടെ കുത്തിവയ്പ്

(വർഷം, എണ്ണം)

2023–24..... 62,983

2024–25.....10122 ഒരു എ.ബി.സി. കേന്ദ്രത്തിന് ഏകദേശ ചെലവ് 2 കോടി

കൂടുതൽ അക്രമകാരികളായ നായ്ക്കളെ ദയാവധം ചെയ്യണം. വന്ധ്യംകരിച്ച നായ്ക്കളും കടിക്കാം. പ്രശ്നത്തിൽ അടിയന്തര നടപടി വേണം.

- ഡോ. എം.കെ. പ്രദീപ്കുമാർ

സംസ്ഥാന പ്രസിഡൻറ്,

ഇന്ത്യൻ വെറ്ററിനറി അസോ. കേരള