അഞ്ചൽ ടൗണിലെ ഗതാഗതം താറുമാറായി: റോഡിൽ അപകടങ്ങൾ പെരുകുന്നു

Saturday 17 May 2025 12:22 AM IST
എസ്. ഉമേഷ് ബാബു

അഞ്ചൽ: തിരക്കേറിയ അഞ്ചൽ ടൗണിലൂടെ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ടൗണിലുടെ അമിതവേഗത കാരണം അപകടങ്ങളും വർദ്ധിച്ചിരിക്കുകയാണ്. നേരത്തെ ടൗണിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ കുറേക്കാലമായി ഇത്തരം നിയന്ത്രണങ്ങൾ ഒന്നും തന്നെ ഇല്ല. ഇവിടെ സിഗ്നൽ ലൈറ്റുകളും നിലവിലില്ല. പത്ത് വർഷംമുമ്പ് ഇവിടെ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിരുന്നു എന്നാൽ 6 മാസം പോലും പ്രവർത്തിച്ചില്ല. സ്വകാര്യ കമ്പനിയ്ക്കാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാൻ കരാർ നൽകിയത്. ലൈറ്റുകൾ സ്ഥാപിച്ച സമയത്തുതന്നെ നിലവാരം കുറഞ്ഞ സിഗ്നൽ ലൈറ്റുകളാണ് സ്ഥാപിച്ചതെന്നും ഇതിന് പിന്നിൽ അഴിതിയുണ്ടെന്നും ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് തയ്യാറാകുന്നില്ല.

നടപടിയെടുക്കാതെ പൊലീസും

ടൗണിലൂടെ കടന്ന് പോകുന്ന കാൽനടയാത്രക്കാരുടെ കാര്യവും കഷ്ടമാണ്. നടപ്പാതയിലെ മിക്കഭാഗങ്ങളും ചില കച്ചവടക്കാർ കൈവശപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. അതിനാൽ ആളുകൾക്ക് നടന്നുപോകാനും പ്രയാസമാണ്. റോഡിൽ ഗതാഗതം നിയന്ത്രിക്കാൻ വേണ്ടി ഒരു ഹോംഗാ‌ർഡ് മാത്രമാണ് വല്ലപ്പോഴും ഉള്ളത്. ഇവർക്ക് ഫലപ്രദമായി ഗതാഗതം നിയന്ത്രിക്കുന്നതിനും കഴിയുന്നില്ല. ആളുകൾ റോഡ് മുറിച്ച് കടക്കുന്നത് തന്നെ ജീവൻ പണയം വച്ചാണ്. ടൗണിൽ യാതൊരു നിയന്ത്രണവും ഇല്ലാതെ റോഡ് വക്കിലാണ് വാഹനങ്ങൾ പാർക്കുചെയ്യുന്നത്. അനധികൃത പാർക്കിംഗിന് എതിരെ പൊലീസും പ‌ഞ്ചായത്തും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

അഞ്ചൽ പഞ്ചായത്തിന്റെ പിടിപ്പുകേട്

അഞ്ചൽ ടൗണിൽ ഗതാഗത നിയന്ത്രണം പാലിക്കാൻ കഴിയാത്തത് ഗ്രാമപഞ്ചായത്തിന്റെയും പൊലീസിന്റെയും പിടിപ്പുകേട് കാരണമാണ്. നേരത്തെ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും പണം നഷ്ടപ്പെട്ടതല്ലാതെ അത് ദീർഘനാൾ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. പഞ്ചായത്ത് ഇക്കാര്യത്തിൽ കെടുകാര്യസ്ഥതയാണ് കാട്ടുന്നത്. ഇതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്.

എസ്. ഉമേഷ് ബാബു (ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ്)

തടസങ്ങൾ നീക്കിഗതാഗതം സുഗമാക്കണം

ഗതാഗതത്തിനുളള തടസങ്ങൾ നീക്കാൻ നടപടി വേണം. കാൽനടപാതകൾ മിക്കതും കൈയ്യടക്കി കച്ചവടം നടത്തുകയാണ്. ടൗണിൽ റോഡ് മുറിച്ച് കടക്കുന്നതിനും പ്രയാസം നേരിടുന്നുണ്ട്. പൊലീസ് ഇക്കാര്യത്തിൽ കാര്യക്ഷമമായ ഇടപെടൽ നടത്തണം.

ബി. മുരളി (എക്സി. മെമ്പർ, അഞ്ചൽ സുഹൃത് വേദി)