ബോധവത്കരണത്തിനിടെ ഹെൽത്ത് ഇൻസ്പെക്ടറെ മർദ്ദിച്ചതായി പരാതി

Saturday 17 May 2025 12:36 AM IST

കൊല്ലം: ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ഭാഗമായുള്ള ബോധവത്കരണത്തിനിടെ ഹെൽത്ത് ഇൻസ്പെക്ടറെ മർദ്ദിച്ചതായി പരാതി. തഴവ സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി. വിഷ്ണുരാജാണ് മർദ്ദനത്തിനിരയായത്. ഇന്നലെ രാവിലെ 9.50 ഓടെ തഴവ പാവുമ്പയിലായിരുന്നു സംഭവം. വീടുകൾ കയറിയുള്ള ബോധവത്കരണത്തിനിടെ പാവുമ്പയിലെ ഒരു വീട്ടിൽ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിച്ചിരിക്കുന്നതായി കണ്ടെത്തി. ഇതിന് പുറമേ അജൈവ മാലിന്യവും ജൈവ മാലിന്യവും വീട്ടുപറമ്പിൽ പലയിടങ്ങളിലും കൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും വിഷ്ണുരാജ് പറയുന്നു. ഇക്കാര്യങ്ങൾ ഗൃഹനാഥനെ ബോദ്ധ്യപ്പെടുത്തിയപ്പോൾ ഗൃഹനാഥൻ മോശമായാണ് പ്രതികരിച്ചത്. കൊതുക് വളരാതിരിക്കാൻ ആമ്പൽക്കുളത്തിൽ ഗപ്പിയെ വളർത്തണമെന്ന് നിർദ്ദേശിച്ചതോടെ ഗൃഹനാഥൻ ക്ഷുഭിതനായി. നിഷേധ സമീപനം നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി വിഷ്ണുരാജും ഒപ്പമുണ്ടായിരുന്ന രണ്ട് ആശ പ്രവർത്തകരും അടുത്ത വീട്ടിലേക്കിറങ്ങി. ഇതിനിടെ ഗൃനാഥനും സഹോദരനും പിന്തുടർന്നെത്തി അസഭ്യവർഷം നടത്തിയ ശേഷം മർദ്ദിച്ചെന്നാണ് പരാതി. ഹെൽത്ത് ഇൻസ്പെക്ടർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.