വനപാലകർക്കെതിരെ കേസെടുക്കണം : കെ.പി .ഉദയഭാനു

Friday 16 May 2025 11:39 PM IST

കോന്നി: കുളത്തുമണ്ണിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിൽ നിരപരാധിയായ അന്യസംസ്ഥാന തൊഴിലാളിയെ ഫോറസ്റ്റ് സ്റ്റേഷനിൽ പിടിച്ചുവച്ച വനപാലകർക്കെതിരെ പൊലീസ് കേസെടുക്കണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയാഭാനു ആവശ്യപ്പെട്ടു. സി.പി.എം കോന്നി, കൊടുമൺ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ കോന്നി ഡി. എഫ്. ഓഫീസിലേക്ക് നടന്ന മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യജീവികളുടെ ശല്യം ജില്ലയിലെ മലയോര മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറുകയാണെന്നും, ആഭാസന്മാരായ ഒരു വിഭാഗം വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ജില്ലയിലുള്ളതെന്നും കർഷകരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുന്നതിൽ ആന്റോ ആന്റണി എം.പി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കൊടുമൺ ഏരിയ കമ്മിറ്റി സെക്രട്ടറി ആർ .ബി രാജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ജെ അജയകുമാർ, കർഷകസംഘം ജില്ലാ സെക്രട്ടറി ആർ, തുളസീധരൻപിള്ള, കോന്നി ഏരിയ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി വർഗീസ് ബേബി, പെരുനാട് ഏരിയ കമ്മിറ്റി സെക്രട്ടറി എം .എസ് .രാജേന്ദ്രൻ, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി എന്നിവർ സംസാരിച്ചു. എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് കോന്നി ഏരിയ കമ്മിറ്റി അംഗങ്ങളായ എം. എസ്. ഗോപിനാഥൻ നായർ, കെ. എസ്. സുരേശൻ, രാജേഷ് കുമാർ, രഘുനാഥ് ഇടത്തിട്ട, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനപ്രഭ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്ര് രേഷ്മ മറിയം റോയ്, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് എന്നിവർ നേതൃത്വം നൽകി.