ബേക്കറിയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ

Saturday 17 May 2025 12:22 AM IST

ചാത്തന്നൂർ: പാരിപ്പള്ളി സിംല ടെക്സ്റ്റയിൽസിനു സമീപം പ്രവർത്തിക്കുന്ന ബേക്കറിയിൽ പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവർത്തകർ നടത്തിയ റെയ്ഡിൽ ക്രമക്കേടുകളും പഴകിയ ആഹാര സാധനങ്ങളും കണ്ടെത്തി.

ഹെൽത്ത് ഇൻസ്പെക്ടറായ എസ്. സുനിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. സജി, ബീജാ റാണി, തുഷാര തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥാപനത്തിന് അംഗീകൃത ലൈസൻസോ ആരോഗ്യവിഭാഗം നൽകുന്ന ഹെൽത്ത് കാർഡോ ഇല്ല. കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച സർട്ടിഫിക്കറ്റുമില്ല. വിൽക്കാനായി സൂക്ഷിച്ചിരിക്കുന്ന പാക്കറ്റ് ഡ്രിങ്കുകൾ, ബോട്ടിൽ ഡ്രിങ്കുകൾ, ജ്യൂസുകൾ, കേക്കുകൾ തുടങ്ങി ഭൂരിഭാഗം സാധനങ്ങളും കാലാവധി കഴിഞ്ഞതായും കണ്ടെത്തി. കാലാവധി കഴിഞ്ഞ ആഹാര സാധനങ്ങൾ നശിപ്പിച്ചു. ഏഴു ദിവസത്തിനകം അംഗീകൃത ലൈസൻസ് എടുക്കാനും, കുടിവെള്ള ഗുണനിലവാരം ടെസ്റ്റ് ചെയ്ത് സർട്ടിഫിക്കറ്റ് ഹാജരാക്കാനും നോട്ടീസ് നൽകി. പിഴ ഈടാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.