വെള്ളാപ്പള്ളി ഗുരുദേവ ദർശനത്തിന് പുതുജീവനേകി : വി.ശിവൻകുട്ടി

Saturday 17 May 2025 2:16 AM IST

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾക്ക് പുതുജീവനേകിയ ശക്തിയാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ. ട്രസ്റ്റ് സെക്രട്ടറി എന്നീ പദവികളിൽ മൂന്നുപതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ ആദരിക്കാൻ കേരളകൗമുദി ഹോട്ടൽ ഓ ബൈ താമരയിൽ സംഘടിപ്പിച്ച ച‌ടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളിയുടെ ഉപദേശം ശ്രദ്ധിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത്. മതേതരത്വത്തിന്റെയും ഉൾക്കൊള്ളലിന്റെയും മൂല്യങ്ങൾ എപ്പോഴും ഉയർത്തിപ്പിടിച്ചു. ഭിന്നതയ്ക്ക് മുന്നിൽ പലരും പതറിയപ്പോൾ ഐക്യത്തോടുള്ള പ്രതിബദ്ധതയിൽ തലയുയർത്തി നിന്നു. അദ്ദേഹത്തിന്റെ നേതൃപാടവത്തിന് ജനങ്ങളിൽ നിന്ന് ലഭിക്കുന്ന വിശ്വാസവും സ്നേഹവും ബഹുമാനവും തെളിവാണ്. സജീവമായ പരിവർത്തനം,സംഘടനാ വളർച്ച,അചഞ്ചലമായ പ്രവർത്തന നൈതികത എന്നിവ അദ്ദേഹത്തിന്റെ ഭരണകാലത്തെ അടയാളപ്പെടുത്തുന്നു. ജാതിയുടെയും വർഗീയതയുടെയും വേർതിരിവില്ലാതെ കേരളം പുലരുന്നത് ഗുരുദേവന്റെ ദർശനങ്ങൾ കൊണ്ടാണ്. അതുൾക്കൊണ്ട് ഭൂതകാലത്തെ ഭാവിയുമായി ബന്ധിപ്പിക്കുന്ന പാലമായി വെള്ളാപ്പള്ളി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂർച്ചയേറിയ വാക്കുകൾ

പ്രത്യേകത:എം.ബി.രാജേഷ്

മൂർച്ചയുള്ള നാവും ചാട്ടുളിപോലെ തറച്ചുകയറുന്ന വാക്കുകളുമാണ് വെള്ളാപ്പള്ളിയുടെ പ്രത്യേകതയെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രബലമായ സംഘടനയുടെ നായകനായി മൂന്നുപതിറ്റാണ്ട് പൂർത്തിയാക്കിയത് അസാധാരണമായ നേട്ടമാണ്. ഇക്കാലംകൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ മാറ്റങ്ങൾ അനവധി ഉണ്ടായി. എന്നാൽ അചഞ്ചലനായി സംഘടനയെ നയിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പല ചർച്ചകളുടെയും ഗതി മാറ്റിയിട്ടുണ്ട്. ഞാൻ ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റായപ്പോഴാണ് രണ്ടാം ഗുരുവായൂർ സത്യഗ്രഹത്തിന് ആഹ്വാനം ചെയ്യുന്നത്. മേഴ്സി രവി ഗുരുവായൂരിൽ പേരക്കുട്ടിയുടെ ചോറൂണിന് പ്രവേശിച്ചതിന്റെ പേരിൽ ക്ഷേത്രം പുണ്യാഹം തളിച്ച് വൃത്തിയാക്കുകയുണ്ടായി. അന്ന് സത്യഗ്രഹത്തെ അനുകൂലിച്ചതിനൊപ്പം പുണ്യാഹം തളിച്ച നടപടിയെ വെള്ളാപ്പള്ളി വിമർശിച്ചു. പറയാനുള്ളത് മുഖത്ത് നോക്കി പറയുന്ന വ്യക്തിത്വമാണ് വെള്ളാപ്പള്ളിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തകർക്കാനാവാത്ത

റെക്കാഡ്: വി.ജോയ്

മൂന്നുപതിറ്റാണ്ട് എസ്.എൻ.ഡി.പി യോഗത്തെ നയിച്ച വെള്ളാപ്പള്ളിയുടെ റെക്കാഡ് ആർക്കും തകർക്കാനാവില്ലെന്ന് വി.ജോയ് എം.എൽ.എ പറഞ്ഞു. ഭാവനാപൂർവമായ കാഴ്ചപ്പാടോടെ പുതിയ നേതൃനിരയെ കണ്ടെത്തി അദ്ദേഹം ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചു. പ്രസ്ഥാനത്തിന് പൊതുസമൂഹത്തിന് മുന്നിൽ തലയുയർത്തി നിൽക്കാനുള്ള ആർജവം അദ്ദേഹം പകർന്നുവെന്നും വി.ജോയ് കൂട്ടിച്ചേർത്തു.

പൊതുസമൂഹം അംഗീകരിക്കുന്ന

ഒരേയൊരു നേതാവ്: ആന്റണി രാജു

സമുദായ നേതാക്കൾക്ക് ക്ഷാമമില്ലാത്ത കാലത്ത് പൊതുസമൂഹം അംഗീകരിക്കുന്ന ഒരേ ഒരു നേതാവാണ് വെള്ളാപ്പള്ളിയെന്ന് ആന്റണി രാജു എം.എൽ.എ പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്റെ ചരിത്രം രേഖപ്പെടുത്തിയാൽ അതിൽ ഏറ്റവും വലിയ അദ്ധ്യായം രചിക്കേണ്ടത് അദ്ദേഹത്തെക്കുറിച്ചാണ്. പലരും പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്താൻ ശ്രമിച്ചപ്പോഴും അദ്ദേഹം തളർന്നില്ല. എസ്.എൻ ട്രസ്റ്റിന്റെ മൂന്നിൽ രണ്ടിൽ കൂടുതൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിച്ചതും അദ്ദേഹമാണെന്ന് ആന്റണി രാജു കൂട്ടിച്ചേർത്തു.