സ്വർണ വില കുറയുമെന്ന് പറയുന്നതിൽ കാര്യമുണ്ടോ? ഇന്ന്‌ വ്യാപാരം നടക്കുന്നത്

Saturday 17 May 2025 10:46 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 880 രൂപ വർദ്ധിച്ച് 69,760 രൂപയും ഗ്രാമിന് 110 രൂപ വർദ്ധിച്ച് 8,720 രൂപയിലുമെത്തിയിരുന്നു. ഇതേ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

വ്യാഴാഴ്ച രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,170 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണ വില പവന് 1,560 രൂപ കുറഞ്ഞ് 68,880 രൂപയിലെത്തി. ഗ്രാമിന്റെ വില 195 രൂപ ഇടിവോടെ 8,610 രൂപയിലെത്തി. എന്നാൽ ഇന്നലെ വില കുത്തനെ ഉയരുകയായിരുന്നു.

ഏപ്രിൽ 22ന് രേഖപ്പെടുത്തിയ റെക്കാഡ് വിലയായ 74,320 രൂപയിൽ നിന്ന് ഇതുവരെ അയ്യായിരം രൂപയുടെ ഇടിവാണ് പവൻ വിലയിലുണ്ടായത്. രാജ്യാന്തര വിപണിയിലും വിലയിൽ പത്ത് ശതമാനത്തിനടുത്ത് ഇടിവുണ്ടായി. ലോകമെമ്പാടുമുള്ള ഓഹരി, കടപ്പത്ര വിപണികൾ മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുകയാണ്. ഈ സാഹചര്യത്തിൽ സ്വർണ വില വരും ദിവസങ്ങളിലും ഇടിയുമെന്നാണ് സ്വർണ പ്രേമികൾ പ്രതീക്ഷിക്കുന്നത്.

അമേരിക്കയും ചൈനയുമായി വ്യാപാര തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള നീക്കം ശക്തമായതോടെ നിക്ഷേപകരുടെ ആശങ്ക അകലുകയാണ്. സുരക്ഷിത നിക്ഷേപമായ സ്വർണത്തിൽ നിന്ന് പണം പിൻവലിച്ച് വൻകിട ഫണ്ടുകൾ ഓഹരികളിലും ബോണ്ടുകളിലും ഡോളറിലും സജീവമാകുന്നു.