പറമ്പിൽ നിന്ന് കിട്ടിയ മുട്ടകൾ ബിജിലേഷ് കോടിയേരി സംരക്ഷിച്ചു; വിരിഞ്ഞ് പുറത്തുവന്നത് മൂർഖൻ പാമ്പുകൾ, ഒന്നും രണ്ടും അല്ല

Saturday 17 May 2025 11:14 AM IST

തലശ്ശേരി: അടയിരിക്കാൻ തള്ളപ്പാമ്പില്ലെങ്കിലും പ്രകൃതിദത്തമായ പരിചരണത്തിലും ചൂടിലും വിരിഞ്ഞിറങ്ങിയത് പത്ത് മൂർഖൻ കുഞ്ഞുങ്ങൾ. പിണറായി പൊട്ടൻപാറയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും കണ്ടെത്തിയ മൂർഖൻ പാമ്പിന്റെ മുട്ടകളാണ് വിരിഞ്ഞത്. സർപ്പ വളണ്ടിയറും മാർക്ക് പ്രവർത്തകനുമായ ബിജിലേഷ്‌ കോടിയേരിയുടെ സംരക്ഷണയിൽ കൃത്രിമ ആവാസവ്യവസ്ഥയിലാണ് മൂർഖൻ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയത്.

നല്ല ആരോഗ്യവും ശൗര്യവുമുള്ളവയാണ് എല്ലാം. കഴിഞ്ഞ മാർച്ച് 14നായിരുന്നു ഒരു വീടിന്റെ പറമ്പിൽ നിന്നും മൂർഖൻ പാമ്പിനെയും 15 പാമ്പിൻ മുട്ടകളും കണ്ടെത്തിയത്. തുടർന്ന് കണ്ണവം ഫോറസ്റ്റ് ഓഫീസർ സുധീർ നാരോത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിജിൽ എന്നിവരുടെ നിർദ്ദേശപ്രകാരം പാമ്പിനെ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയിൽ തുറന്നു വിട്ടു. മുട്ടകളിൽ 10 എണ്ണം വിരിഞ്ഞു. രണ്ട് മാസത്തോളമെടുത്താണ് മുട്ടകൾ വിരിഞ്ഞതെന്ന് ബിജിലേഷ് കോടിയേരി പറഞ്ഞു. പാമ്പിൻ കുഞ്ഞുങ്ങളെ വനംവകുപ്പിന് കൈമാറുമെന്നും ഇദ്ദേഹം അറിയിച്ചു. കൂടാതെ ന്യൂ മാഹി ഉസ്സൻ മൊട്ടയിൽ നിന്നും ചിറകിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ അത്യപൂർവ്വമായ വെള്ളവയറൻ കടൽ പരുന്തിനെയും ബിജിലേഷ് സംരക്ഷിക്കുന്നുണ്ട്.