കെ കെ രാഗേഷിന്റെ പകരക്കാരനായി മുൻ എംഎൽഎ എ പ്രദീപ് കുമാർ; മുഖമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും

Saturday 17 May 2025 12:49 PM IST

തിരുവനന്തപുരം: കോഴിക്കോട് നോർത്ത് മുൻ എം എൽ എ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ സർക്കാർ ഉത്തരവ്. നിലവിൽ പ്രദീപ് കുമാർ സി പി എം സംസ്ഥാന കമ്മറ്റി അംഗമാണ്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ കെ രാഗേഷിനെ കണ്ണൂർ സി പി എം ജില്ലാ സെക്രട്ടറിയായി നിയമിച്ചിരുന്നു. തുടർന്ന് രാഗേഷിന്റെ ഒഴിവിലേക്ക് പ്രദീപ് കുമാറിനെ നിയമിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

മൂന്ന് തവണ എം എൽ എയായിരുന്നു. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്, എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി, ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ കൗൺസിൽ അംഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ, കോഴിക്കോട് അർബൻ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നാദാപുരം ചേലക്കാട് ആനാറമ്പത്ത് സ്വദേശിയാണ് പ്രദീപ്. പരേതരായ ചേലക്കാട് ആനാറമ്പത്ത് ഗോപാലകൃഷ്ണ കുറുപ്പിന്റെയും കമലാക്ഷിയമ്മയുടെയും മകനാണ്. വെസ്റ്റ്‌ഹിൽ ചുങ്കത്താണ് താമസിക്കുന്നത്. ഭാര്യ: അഖില (വേങ്ങേരി സഹകരണ ബാങ്ക് സെക്രട്ടറി). മകൾ: അമിത (ആർക്കിട്ടെക്‌ട്).