ഈ നേപ്പാളിക്ക് മലയാളം അറിയാം; മലയാളികളെക്കാൾ ഏറെ നന്നായി
വാകേരി: മലയാളം അറിയാത്ത രക്ഷിതാക്കളോടൊപ്പം എത്തിയ നേപ്പാളി ബാലന് യുഎസ് എസ് സ്‌കോളർഷിപ്പ് . വാകേരി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ സന്ദേശ് ബാലയാർ ആണ് ഈ കൊച്ച് മിടുക്കൻ.നേപ്പാളി സ്വദേശിയായ യാഗ്യരാജ് ബാലയാറിന്റെയും പശുപതി ബാലയാറിന്റെയും മകനാണ്. നേപ്പാളിൽ നിന്ന് ജോലിക്കായി എത്തിയ മാതാപിതാക്കളോടൊപ്പം വന്ന സന്ദേശ് മലയാളികൾ പോലും മലയാളം മറക്കുന്ന ഈ കാലത്ത് മലയാളത്തെ ഇഷ്ടപ്പെടുകയും നെഞ്ചോടു ചേർക്കുകയുമായിരുന്നു.
അന്യദേശങ്ങളിൽ നിന്നുള്ളവർക്ക് മലയാളം പെട്ടെന്ന് വശമാകുകയില്ലെങ്കിലും ഈ കൊച്ച് ബാലന് മലയാളം പെട്ടെന്നു വഴങ്ങി .ക്രസന്റ് സ്‌കൂളിലും പിന്നീട് ജി വി എച്ച് എസ് എസ് വാകേരിയിലും ആയി പഠനം തുടരുകയായിരുന്നു.
സ്‌കൂളിലെ മികച്ച വിദ്യാർത്ഥിയായ സന്ദേശ് പഠന മികവിനോടൊപ്പം തന്നെ കലാ മേളയിലും ക്വിസ് മത്സരങ്ങളിലും സ്‌കൂളിനെ പ്രതിനിധീകരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഒട്ടും തന്നെ മലയാളം അറിയാത്ത രക്ഷിതാക്കളുടെ പ്രോത്സാഹനവും കഠിന പ്രയത്നവും അങ്കണവാടിയിലെ അദ്ധ്യാപകരുടെയും സുഹൃത്തുക്കളുടെയും നിസ്വാർത്ഥമായ സഹകരണവും പിന്തുണയും സന്ദേശിനെ മലയാളം പച്ചവെള്ളം പോലെ എളുപ്പമുള്ളതാക്കി.