'കേന്ദ്രസർക്കാരിന്റെ  ക്ഷണത്തിൽ  ഞാൻ   അഭിമാനിക്കുന്നു': പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച് തരൂർ, കോൺഗ്രസിന് അമർഷം

Saturday 17 May 2025 3:01 PM IST

ന്യൂഡൽഹി: പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനവും, അതിനെതിരെയുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലവും വിദേശരാജ്യങ്ങൾ സന്ദർശിച്ച് വിശദീകരിക്കാൻ കേന്ദ്രം രൂപീകരിച്ച സർവകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച് കോൺഗ്രസ് എം പി ശശി തരൂർ. ക്ഷണം താൻ അഭിമാനത്തോടെ സ്വീകരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ദേശീയ താൽപ്പര്യമുള്ള വിഷയമായതിനാലും തന്റെ സേവനം ആവശ്യമുളള സന്ദർഭമായതിനാലും ക്ഷണം താൻ അഭിമാനത്തോടെ സ്വീകരിക്കുന്നു എന്നാണ് തരൂർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.

'സമീപകാല സംഭവങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ വീക്ഷണം അവതരിപ്പിക്കാനായി അഞ്ച് പ്രധാന രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലേക്ക് സർവകക്ഷി പ്രതിനിധി സംഘത്തെ നയിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ക്ഷണത്തിൽ ഞാൻ അഭിമാനിക്കുന്നു. ദേശീയ താൽപ്പര്യം ഉയർന്നുവരികയും എന്റെ സേവനം അനിവാര്യമാവുകയും ചെയ്യുമ്പോൾ അതിനായി ഞാൻ കാത്തിരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യില്ല. ജയ് ഹിന്ദ് '- എന്നാണ് തരൂർ കുറിച്ചത്.

എന്നാൽ, പാർട്ടി നിർദ്ദേശമില്ലാതെ പ്രതിനിധി സംഘത്തെ നയിക്കാൻ ശശി തരൂരിനെ നിയോഗിച്ചതിൽ കോൺഗ്രസ് കടുത്ത അതൃപ്തിയിലാണ്. പ്രതിനിധി സംഘത്തിലേക്ക് ആൾക്കാരെ നിർദ്ദേശിക്കാൻ രാഷ്ട്രീയപാർട്ടികളോട് കേന്ദ്രസർക്കാർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിൻപ്രകാരം മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ, മുൻ ലോക്സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ്, എംപിമാരായ സയീദ് നസീർ ഹുസൈൻ, രാജാ ബ്രാർ എന്നിവരെയാണ് കോൺഗ്രസ് നിർദ്ദേശിച്ചത്. ലിസ്റ്റിൽ തരൂരിന്റെ പേരുണ്ടായിരുന്നില്ല.

പാർട്ടി നിർദ്ദേശിച്ച പേരുകൾ എല്ലാം ഒഴിവാക്കി തരൂരിനെ പ്രതിനിധി സംഘത്തെ നയിക്കാൻ കേന്ദ്രസർക്കാർ നിയോഗിക്കുകയായിരുന്നു. ഇതാണ് പാർട്ടിയെ ചൊടിപ്പിച്ചിരിക്കുന്നത്. അതിനിടെ, തരൂർ ബിജെപിയോട് കൂടുതൽ അടുക്കുകയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. സിപിഎം അംഗം ജോൺബ്രിട്ടാസും പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.