വീട്ടിൽ പാമ്പ് കയറും, ഒരു കാരണവശാലും ഇക്കാര്യം ചെയ്യരുത്; നിർബന്ധമായും വീട്ടിൽ വാങ്ങിവയ്‌ക്കേണ്ടത്

Saturday 17 May 2025 3:40 PM IST

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. കൂടെ അവിടെയുള്ള പാമ്പ് സംരക്ഷകനായ മുസ്തഫയും ഉണ്ട്. രാത്രിയിലാണ് സംഭവം.വീടിന്റെ പിറകിൽ പാചകം ചെയ്യുന്ന റൂമിൽ ഒരു വലിയ പാമ്പ് കയറുന്നത് കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്.

സ്ഥലത്ത് എത്തിയ വാവ സുരേഷും മുസ്‌തഫയും കയറിയപ്പോൾ തന്നെ ചീറ്റൽ ശബ്ദം കേട്ടു, തിരച്ചിലിനൊടുവിൽ പാമ്പിനെ കണ്ടു. കാണുക നിറയെ വെനമുള്ള അപകടകാരിയായ ഏറ്റവും വലിയ വെള്ളവെമ്പാലയെ പിടികൂടിയ സാഹസിക കാഴ്ച്ചകളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

പാമ്പ് വീട്ടിലേക്ക് വരാതിരിക്കാനുള്ള വഴികളും വാവയും മുസ്തഫയും പറയുന്നു. വാതിലും ജനലും തുറന്നിടരുത്. 'ഞാൻ എപ്പോഴും പറയാറുണ്ട് കട്ടിൽ ചുമരിൽ നിന്ന് ഒരടിയോ രണ്ടടിയോ അകലത്തിലിടണമെന്ന്. ചുമരിന്റെയടുത്ത് ഒന്നും ചാരി വയ്ക്കരുതെന്നും പറയാറുണ്ട്. പക്ഷേ നമ്മൾ മലയാളികളെ ബോധവത്കരിക്കാൻ കുറച്ചുപാടാണ്. എന്ത് ചെയ്യരുതെന്ന് പറഞ്ഞാലും അതേ ചെയ്യൂ.

ഒരു കാരണവശാലും സന്ധ്യയ്‌ക്കോ അല്ലെങ്കിൽ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോഴോ വാതിൽ തുറന്നിടരുത്. നിസാരമായി കാണരുത്. നിങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. എല്ലാവരെയും എന്നും ബോധവത്കരിക്കാൻ ആളുകളുണ്ടാകില്ല. വീട്ടിൽ നിർബന്ധമായും ടോർച്ച് വാങ്ങിക്കുക. മൊബൈലിന്റെ ഫ്ളാഷ് അപകടമാണ്. ഒരു പരിധിവരെയേ വെട്ടം കിട്ടുകയുള്ളൂ.'- അദ്ദേഹം പറഞ്ഞു.