ആദ്യ ഹരിത ബോട്ട് ആംബുലൻസ്  ഇന്ന് ഓളപ്പരപ്പിലേക്ക് 

Sunday 18 May 2025 12:50 AM IST

കൊച്ചി: ഡിസ്‌പെൻസറിയോടു കൂടിയ രാജ്യത്തെ ആദ്യ ഹരിത ബോട്ട് ആംബുലൻസ് പിഴല പ്രാഥമികാരോഗ്യം കേന്ദ്രത്തിന് സമീപം ഇന്ന് 12.30 ന് മന്ത്രി പി.രാജീവ് ഫ്ലാഗ് ഓഫ് ചെയ്യും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി എന്നിവർ മുഖ്യാതിഥികളാകും. യുണീഫീഡർ മേഖല ഡയറക്ടർ സി.എം. മുരളീധരൻ താക്കോൽ കൈമാറും. മുബീബ് മുഹമ്മദ് പദ്ധതി അവതരിപ്പിക്കും. സിനിമാതാരം ശ്രിന്ദ, കടമക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് തുടങ്ങിയവർ സംസാരിക്കും. കൊച്ചി ആസ്ഥാനമായുള്ള യൂണിഫീഡർ ലോജിസ്റ്റിക്‌സ് കമ്പനിയുടെ പദ്ധതിയാണ് മറൈൻ ആംബുലൻസ്. പ്ലാൻ അറ്റ് എർത്ത് എന്ന സാമൂഹ്യ സംഘടനയുടെ സഹകരണമുണ്ട്. രണ്ടു വർഷത്തിനു ശേഷം ആംബുലൻസ് ഡിസ്‌പെൻസറി കടമക്കുടി ഗ്രാമപഞ്ചായത്തിനു കൈമാറും.

സേവനം 13 ദ്വീപുകളിൽ പഞ്ചായത്തിലെ 13 കൊച്ചു ദ്വീപുകളിൽ ആറു ദിവസവും സേവനം ലഭ്യമാകും. മുഴുവൻ മെഡിക്കൽ ഉപകരണങ്ങളും അടങ്ങിയ ആംബുലൻസ് ഡിസ്‌പെൻസറി വീടുകളിൽ സേവനമെത്തിക്കും. 2400 പേർക്ക് ആദ്യ ഘട്ടത്തിൽ പ്രയോജനം കിട്ടും. പഞ്ചായത്തിലെ പിഴല, മൂലമ്പിള്ളി, കോതാട്. ചേന്നൂർ, കരിക്കാംതുരുത്ത്. കണ്ടനാട്, പാലിയംതുരുത്ത്, പുതശ്ശേരി, ചരിയംതുരുത്ത്, വലിയ കടമക്കുടി. ചെറിയ കടമക്കുടി, മുറിക്കൽ, കോരാമ്പാടം എന്നിവടങ്ങളിൽ ആഴ്ചയിൽ ഒരിക്കൽ മെഡിക്കൽ സംഘം പരിശോധനയ്‌ക്കെത്തും. ആഴ്ചയിൽ ആറു ദിവസം രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെ ഡോക്ടർ,നഴ്‌സ്, ഫാർമസിസ്റ്റ്, അറ്റൻഡർ എന്നിവരടങ്ങിയ സംഘമുണ്ടാകും.