വേമ്പനാടിനെ കാക്കാൻ വേണം ചിൽക മാതൃക

Sunday 18 May 2025 12:51 AM IST

കൊച്ചി: മലിനീകരണത്തിനും കൈയേറ്റങ്ങൾക്കും ഇരയായ വേമ്പനാട്ട് കായലിനെ രക്ഷിക്കാൻ പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് 28ന് മുഹമ്മയിൽ ധർണ നടത്താൻ കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷനും (എ.ഐ.ടി.യു.സി), സംസ്ഥാന വ്യാപകമായി ബോധവത്കരണത്തിന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയും തീരുമാനിച്ചു. വേമ്പനാട് ഡെവലപ്മെന്റ് അതോറിറ്റി വേണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷനും വേമ്പനാട് ഇക്കോ ഡെവലപ്‌മെന്റ് അതോറിറ്റി (വേദ) രൂപീകരിക്കണമെന്ന് ഐക്യവേദിയും ആവശ്യപ്പെടുന്നു. തീരുമാനം വൈകിയാൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു. മാലിന്യം നിറഞ്ഞ ഒഡീഷയിലെ ചിൽക തടാകത്തിന് പുതുജീവൻ നൽകിയ ചിൽക ഡെവലപ്‌മെന്റ് അതോറിറ്റി മാതൃകയിൽ വേമ്പനാട്ട് കായലിന്റെ കാര്യത്തിലും നടപടി വേണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ അഖിലേന്ത്യാ സെക്രട്ടറി കുമ്പളം രാജപ്പൻ പറഞ്ഞു. ഇരുസംഘടനകളും വർഷങ്ങളായി ഇക്കാര്യം ആവശ്യപ്പെടുന്നു. വേമ്പനാട്, കൈതപ്പുഴ കായലുകളെ ആശ്രയിച്ച് ഒരു ലക്ഷത്തിലേറെ കുടുംബങ്ങൾ കഴിയുന്നുണ്ട്.

പ്രത്യേക അതോറിറ്റിയെന്ന ആവശ്യം ശക്തമാകുന്നു

  • വേമ്പനാട് കായൽ സംരക്ഷണത്തിന് അതോറിറ്റി രൂപീകരിക്കുക, കായൽ ഡ്രഡ്ജ് ചെയ്ത് ചെളി നീക്കുക, കൈയേറ്റങ്ങൾ ഒഴിപ്പിച്ച് കായലിന്റെ വിസ്തീർണം കൂട്ടുക
  • മീനുകളുടെ മുട്ടയും കുഞ്ഞുങ്ങളും നശിക്കുന്ന വിധത്തിലുള്ള വലകൾ ഒഴിവാക്കുക. വിഷം കലക്കിയുള്ള മീൻപിടിത്തം നി‍റുത്തലാക്കുക.
  • കൈയേറ്റവും മാലിന്യവും മൂലം മത്സ്യ-കക്ക സമ്പത്ത് കുറഞ്ഞു. പലയിനങ്ങളും അപ്രത്യക്ഷമായി. കരിമീൻ, കൊഞ്ച്, ഞണ്ട്, മഞ്ഞക്കൂരി, ചെമ്മീൻ, കൊഴുവ, നന്തൻ, കണമ്പ്, കുറിച്ചി തുടങ്ങിയവ കിട്ടുന്നത് പേരിനുമാത്രം. പോള നിറയുന്നതാണ് മറ്റൊരു ഭീഷണി

മാതൃകയാകണം

ചിൽക തടാകം

മാലിന്യം നിറഞ്ഞ ജലാശയങ്ങളെക്കുറിച്ചുള്ള രാജ്യാന്തര മോൺട്രോ പട്ടികയിൽ 1933ൽ ഇടം നേടിയ ചിൽക തടാകം, യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളെത്തുടർന്നാണ് 2002ൽ മാലിന്യമുക്തമായത്. ചിൽക ഡെവലപ്‌മെന്റ് അതോറിറ്റി (സി.ഡി.എ) രൂപീകരിച്ചതായിരുന്നു ആദ്യ നടപടി.

കനത്ത പാരിസ്ഥിതിക ആഘാതം നേരിടുന്ന വേമ്പനാട്ടു കായൽ സംരക്ഷിക്കാൻ അടിയന്തര നടപടികൾ വേണം. ഇതേനില തുടർന്നാൽ, കേരളത്തിന്റെ അഭിമാനമായിരുന്ന കായൽ മോൺട്രോ പട്ടികയിൽ ഉൾപ്പെട്ടേക്കാം

പ്രൊഫ. ഡോ. എം.കെ. സജീവൻ,

കുസാറ്റ് ഫിഷറീസ് റിസോഴ്‌സസ് മാനേജ്‌മെന്റ് വകുപ്പ് മേധാവി,

ഫാക്കൽറ്റി ഒഫ് ഫിഷറീസ് എൻജിനീയറിംഗ് ഡീൻ ഇൻ ചാർജ്