കുരുക്കാണ് സാർ.... കാണുന്നുണ്ടോ ഈ ദുരിതം?

Sunday 18 May 2025 12:58 AM IST
കഴിഞ്ഞ ദിവസം ചുരത്തിലുണ്ടായ ഗതാഗതക്കുരുക്ക്, ചുരത്തിൽ തകരാറിലായ ലോറി

കുരുക്കഴിയാതെ വയനാട് ചുരം റോഡ്

ദുരിതത്തിൽ രോഗികളും ടൂറിസ്റ്റുകളും

കോഴിക്കോട്: വയനാട് ചുരം റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നിർദ്ദിഷ്ട ബെെപാസ് റോഡ് കടലാസിലൊതുങ്ങുമോ? ബദൽ റോഡില്ലാത്തതും വളവുകളിൽ റോഡിൻ്റെ വീതിക്കുറവും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കുണ്ടാക്കുന്നു. ആറും ഏഴും വളവുകൾക്കിടയിൽ ലോറികൾ തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മണിക്കൂറോളം ജനം കുരുങ്ങിക്കിടന്നു. കുരുക്കുണ്ടാകുമ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ടോയ്ലറ്റ് സൗകര്യം പോലുമില്ലാതെ വലയുകയാണ്. പരിഹാരമായി നിർദ്ദിഷ്ട വയനാട് ബെെപാസ് യാഥാർത്ഥ്യമാക്കണമെന്ന് ആക്ഷൻ കമ്മിറ്റി വർഷങ്ങളായി ആവശ്യപ്പെടുന്നു. കഴിഞ്ഞ ബഡ്ജറ്റിൽ ടോക്കൺ തുക നീക്കിവച്ചെങ്കിലും തുടർപ്രവർത്തനമുണ്ടായിട്ടില്ല. നിലവിലെ ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ബെെപാസിൻ്റെ സാദ്ധ്യതാപഠനവും സർവേയുമാണ് അട‌ിയന്തരമായി നടത്തേണ്ടത്. ആറ്, ഏഴ്, എട്ട് വളവുകളിലാണ് ഗതാഗതക്കുരുക്ക്. ആറാം വളവിലാണ് ഏറ്റവും രൂക്ഷം. റോഡിൻ്റെ വശങ്ങളിലെ വീതിക്കുറവാണ് പ്രധാന പ്രശ്നം. കുരുക്കുണ്ടായാൽ ചെറുകാറുകൾക്കു പോലും കടന്നുപോകാനാവില്ല. ആറ്, ഏഴ്, എട്ട് വളവുകളിൽ വശങ്ങൾ വീതി കൂട്ടുമെന്ന പ്രഖ്യാപനം നടപ്പായില്ല. ഇതിനായി വനം വകുപ്പിൽ നിന്ന് ഒരു ഹെക്ടർ സ്ഥലം വിട്ടുകിട്ടിയിരുന്നു. കുരുക്കിൽ പെട്ട വാഹനങ്ങൾ മാറ്റി ഗതാഗതം പുന:സ്ഥാപിക്കാൻ ക്രെയിൻ ഉൾപ്പെടെയുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന അധികൃതരുടെ പ്രഖ്യാപനവും പാഴ് വാക്കായി. വിനോദ സഞ്ചാരികളുടെ ഹെെ ടെക് വാഹനങ്ങൾ കേടുവന്നാൽ നന്നാക്കാൻ കമ്പനിയിൽ നിന്ന് ആളെത്തും വരെ കാത്തിരിക്കണം.

ബെെപാസ് ഇങ്ങനെ

ദൂരം 14 കിലോമീറ്റർ

യാത്രാദൂരം കുറയുക 200 മീറ്റർ

അനുവദിച്ച ടോക്കൺ തുക 33 കോടി

റൂട്ട്: ചിപ്പിലത്തോട് - മരുതിലാവ് - തളിപ്പുഴ

കുരുക്ക് ബാധിക്കുന്നത് ഇവരെ

കോഴിക്കോട് മെഡി. കോളേജിലെത്തേണ്ട രോഗികൾ

കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ

കോഴിക്കോട് റെയിൽവേയിലടക്കം എത്തേണ്ടവർ

വിദ്യാർത്ഥികൾ, ഉദ്യോഗാർത്ഥികൾ, മറ്റു യാത്രക്കാർ

ഗർഭിണികളും ഹൃദ്രോഗികളും ഉൾപ്പെടെയുള്ളവരാണ് മണിക്കൂറുകളോളം കുരുങ്ങുന്നത്. പ്രശ്നം ഉടൻ പരിഹരിക്കണം.

മുഹമ്മദ് പുളിക്കിൽ, നാട്ടുകാരൻ