ഇ.ഡിയെ കോഴയിൽ പൂട്ടാൻ വിജിലൻസ് , ചാർട്ടേഡ് അക്കൗണ്ടന്റ് അടക്കം 18 ഏജന്റുമാർ
# കോഴ ഇടപാടിന് ഫ്ളാറ്റുകൾ
#ഇ.ഡിയിലെ ഉദ്യോഗം
രാജിവച്ച് ഏജന്റായി
തിരുവനന്തപുരം: വമ്പന്മാരുടെ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തിയശേഷം കോടികൾ കോഴവാങ്ങി ഒതുക്കിയെന്ന് സംശയിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ പൂട്ടാൻ വിജിലൻസ്.
നൂറു മുതൽ അഞ്ഞൂറ് കോടിവരെ കള്ളപ്പണ ഇടപാടുകൾ നടന്ന കേസുകൾ കൊച്ചി ഇ.ഡി യൂണിറ്റിലെ ഉത്തരേന്ത്യക്കാരായ ചില ഉദ്യോഗസ്ഥർ കോഴ വാങ്ങി ഒതുക്കിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായിയിൽ നിന്ന് രണ്ടുകോടി കൈക്കൂലി വാങ്ങാൻ ശ്രമിച്ചതിന് ഒരു ഇ.ഡി ഉദ്യോഗസ്ഥനെയും മൂന്ന് ഇടനിലക്കാരെയും പ്രതികളാക്കി കേസെടുത്തതോടെ മറ്റുള്ളവരിലേക്കും അന്വേഷണം നീളും.
. കൊച്ചിയിലെ ഉന്നതഉദ്യോഗസ്ഥനും അഞ്ചുമാസം മുൻപ് ഡൽഹിയിലേക്ക് സ്ഥലംമാറിപ്പോയ ഉദ്യോഗസ്ഥനും നടത്തിയ കോഴയിടപാടുകളുടെ തെളിവുകൾ ശേഖരിക്കുകയാണ് വിജിലൻസ്.
ചാർട്ടേർഡ് അക്കൗണ്ടന്റുമാരടക്കം 18ഏജന്റുമാരെ ഉപയോഗിച്ചാണ് കോഴയിടപാടുകളെന്നാണ് വിജിലൻസ് കണ്ടെത്തിയത്. കൊച്ചിയിലുണ്ടായിരുന്ന ഒരു ഇ.ഡി ജീവനക്കാരൻ രണ്ടു വർഷം മുൻപ് സ്വയംവിരമിച്ച് ഏജന്റായി പ്രവർത്തിക്കുകയാണ്. കോഴയിടപാടുകൾക്കായി കൊച്ചിയിൽ രണ്ട് ഫ്ലാറ്റുകളുണ്ട്. തിരുവനന്തപുരത്ത് രണ്ട് റിസോർട്ടുകൾക്ക് ഭൂമി വാങ്ങാനും ഇ.ഡി ഉദ്യോഗസ്ഥർ ശ്രമിച്ചതിന്റെ തെളിവുകളും വിജിലൻസിന് കിട്ടി. കൊച്ചിയിലെ പ്രമുഖ വസ്ത്രവ്യാപാര ശാലയിൽ നിന്നടക്കം കോഴവാങ്ങി കള്ളപ്പണ അന്വേഷണം മരവിപ്പിച്ചെന്നാണ് കണ്ടെത്തൽ. ഒരുവിഭാഗം ഉദ്യോഗസ്ഥർ കോഴമാഫിയയെ എതിർത്തതോടെയാണ് വിവരങ്ങൾ ചോർന്നത്.
സ്വത്ത് കണ്ടുകെട്ടുമെന്ന്
ഭീഷണിപ്പെടുത്തും
ക്വാറിയുടമകൾ, കശുവണ്ടി, കൈത്തറി ഉത്പ്പന്ന കയറ്റുമതിക്കാർ, വ്യാപാരികൾ തുടങ്ങിയവരിൽ നിന്ന് കള്ളപ്പണക്കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് ഭീഷണിപ്പെടുത്തി ഇ.ഡി ഉദ്യോഗസ്ഥർ കോടികൾ കോഴവാങ്ങിയതായി ഉന്നത വിജിലൻസ് ഉദ്യോഗസ്ഥൻ 'കേരളകൗമുദി'യോട് പറഞ്ഞു. സിവിൽകോടതിയുടെ അധികാരമുള്ളതിനാൽ ഇ.ഡിക്ക് സ്വത്തുക്കൾ എളുപ്പത്തിൽ കണ്ടുകെട്ടാനാവും. മിക്കവർക്കും സ്വത്ത് കണ്ടുകെട്ടുമെന്ന് നോട്ടീസയച്ച ശേഷമായിരുന്നു ഒത്തുതീർപ്പിന് ഏജന്റുമാരെ വിട്ടത്. ഭയപ്പെടുത്തി പണം തട്ടുകയായിരുന്നു ഉദ്യോഗസ്ഥരുടെ രീതിയെന്നും ഇതുവരെ മൂന്ന് പരാതികൾ കിട്ടിയെന്നും നാല് ഇടപാടുകളുടെ വിവരം കിട്ടിയെന്നുംവിജിലൻസ് ഉന്നതൻ വ്യക്തമാക്കി.
രക്ഷപെടാൻ lകോഴ
മൂന്നു കൈമറിയും
# പിടിക്കപ്പെടാതിരിക്കാനും തെളിവുകൾ ഇല്ലാതാക്കാനും മൂന്നു കൈമറിഞ്ഞാണ് കോഴ ഉദ്യോഗസ്ഥരുടെ പക്കലെത്തുന്നത്. അതിന്റെ ഭാഗമായാണ് ചാർട്ടേഡ് അക്കൗണ്ടന്റുമാരെ വരെ കണ്ണികളാക്കുന്നത്.
#ഏജന്റുമാർക്ക് ലക്ഷങ്ങൾ കമ്മിഷൻ നൽകുമെന്നതിനാൽ അവർ ഉദ്യോഗസ്ഥർക്കെതിരായ വിവരങ്ങൾ വെളിപ്പെടുത്താറില്ല.
അസി.ഡയറക്ടർക്ക് വേണ്ടിയാണ് പണപ്പിരിവെന്നാണ് വിജിലൻസിനുള്ള വിവരം. തെളിവുകൾ തേടുകയാണിപ്പോൾ.
ദുരുപയോഗം ചെയ്തത്
വിപുലമായ അധികാരം
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം സെക്‌ഷൻ-67പ്രകാരം ഇ.ഡിയുടെ നടപടികൾ സിവിൽ കോടതിയിൽ ചോദ്യം ചെയ്യാനാവില്ല, സ്പെഷ്യൽ കോടതിക്ക് മാത്രമാണ് അധികാരം.
എന്തൊക്കെ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തതെന്ന് അറിയിക്കേണ്ട. ഇ.ഡി കുറ്റപത്രം നൽകിയാൽ, കുറ്റക്കാരനല്ലെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത പ്രതിയിൽ നിക്ഷിപ്തമാണ്.
കള്ളപ്പണത്തെക്കുറിച്ച് സൂചന ലഭിച്ചാൽ ഏതുകെട്ടിടത്തിലും വാഹനത്തിലും വിമാനത്തിലും ജലയാനങ്ങളിലും പ്രവേശിക്കാം. ലോക്കറുകൾ പൂട്ടുപൊളിച്ചും പരിശോധിക്കാം.
''പരമാവധി തെളിവുകൾ ശേഖരിച്ച് ഇ.ഡി ഉദ്യോഗസ്ഥരെ പിടികൂടാനാണ് ശ്രമം. ആവശ്യമെങ്കിൽ അന്യസംസ്ഥാനങ്ങളിലും അന്വേഷണം നടത്തും''
-വിജിലൻസ് ഉന്നതൻ
1 %
മാത്രമാണ് ഇ.ഡിക്കേസുകളിലെ ശിക്ഷാനിരക്ക്