മന്ത്രിയും സ്പോൺസറും പറയുന്നു, മെസി വന്നേക്കും
ആലപ്പുഴ: നിശ്ചയിച്ച സമയത്ത് മെസിയുടെ മത്സരം നടന്നേക്കുമെന്ന് മന്ത്രി അബ്ദുറഹിമാൻ. പണമടയ്ക്കാൻ ശ്രമിക്കുകയാണെന്ന് സ്പോൺസർ. ആരാധക ലക്ഷങ്ങൾ വീണ്ടും പ്രതീക്ഷയിൽ. സ്പോൺസർ പണമടയ്ക്കാതെ പറ്റിച്ചതിനാൽ അർജന്റീന വരില്ലെന്ന വാർത്ത പരന്നതോടെയാണ് ഫുട്ബോൾ പ്രേമികൾ നിരാശയിലായത്. ഒക്ടോബറിൽ രണ്ടു മത്സരമാണ് നിശ്ചയിച്ചത്.
അർജന്റീന ടീം വരുന്ന കാര്യത്തിൽ അടുത്തയാഴ്ച കൂടുതൽ വ്യക്തത വരുമെന്ന് മന്ത്രി പറഞ്ഞു. ടീം എത്തില്ലെന്ന് അറിയിച്ചിട്ടില്ല. പണം അടയ്ക്കുന്നതിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചു. 175 കോടി ചെലവ് വരും. അടുത്ത ആഴ്ച സ്പോൺസർ പണം അടയ്‌ക്കുമെന്നാണ് പ്രതീക്ഷ. പറഞ്ഞ സമയത്ത് കളി നടക്കുമെന്നാണ് സ്പോൺസർ സർക്കാരിനെ അറിയിച്ചത്. ഇത് സൗഹൃദ മത്സരമാണ്. ഫിഫ മത്സരമല്ല. തിരുവനന്തപുരം ഗ്രീൻഫീൽഡ്, കലൂർ സ്റ്റേഡിയങ്ങളാണ് പരിഗണനയിൽ. ഇവയ്ക്ക് രാജ്യാന്തര നിലവാരമുണ്ട്. അർജന്റീനയ്ക്ക് എതിരാളിയായി റാങ്കിംഗ് അമ്പതിന് താഴെയുള്ള ടീം വേണം. അത് മിക്കവാറും ഏഷ്യൻ ടീമായിരിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
പണമടയ്ക്കും
മെസിയും ടീമും എത്തുമെന്ന് കരാറുകാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വരില്ലെന്ന് അർജന്റീന അസോസിയേഷൻ അറിയിച്ചിട്ടില്ല. കേരളത്തിന് അനുവദിച്ച ദിവസങ്ങളിലൊഴികെയാണ് അവർ മറ്റ് രാജ്യങ്ങളിൽ കളിക്കുന്നത്. മെസി വരുന്നത് എ.എഫ്.എയാണ് പ്രഖ്യാപിക്കേണ്ടത്. ടീം മുന്നോട്ടുവച്ച മാനദണ്ഡങ്ങളെല്ലാം പൂർത്തിയാക്കുന്നതോടെ പണമടയ്‌ക്കേണ്ട തീയതി അനുവദിക്കും. ആർ.ബി.ഐ, വിദേശകാര്യ- ധനകാര്യ മന്ത്രാലയം എന്നിവരുടെ അനുമതി ലഭിച്ചു. പണം അടയ്‌ക്കേണ്ട തീയതിക്കായി കാത്തിരിക്കുകയാണ്. അതേസമയം, ഇന്ത്യയിൽ കളിക്കില്ലെന്ന് ടീം തീരുമാനിച്ചാൽ ഒന്നും ചെയ്യാനാകില്ലെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു.