കൊഹ്‌ലിക്ക് ആദരം; 18-ാം  നമ്പർ  ടെസ്റ്റ്  ജേഴ്സി അണിഞ്ഞ് ആരാധകർ, എല്ലാം തകർത്ത് മഴ

Saturday 17 May 2025 10:43 PM IST

ബംഗളൂരു: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഇന്ത്യൻ താരം വിരാട് കൊഹ്‌ലിയ്ക്ക് ആദരമർപ്പിച്ച് ആരാധകർ. ഇന്ത്യ - പാക് സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ ശനിയാഴ്ചയാണ് പുനരാരംഭിച്ചത്. ആർസിബി - കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് മത്സരത്തിലായിരുന്നു ആരാധകർ കൊഹ്‌ലിക്ക് ആദരമർപ്പിച്ച് അദ്ദേഹത്തിന്റെ 18-ാം നമ്പർ ടെസ്റ്റ് ജേഴ്സി ധരിച്ച് എത്തിയത്.

ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു മത്സരം. എന്നാൽ കനത്ത മഴയെ തുടർന്ന് ടോസ് പോലും ഇടാൻ കഴിയാതെ മത്സരം ഉപേക്ഷിച്ചു. ബംഗളൂരുവിൽ മഴ കാരണം ടോസ് വെെകുകയാണെന്നും കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കണമെന്നും ഐപിഎൽ അധികൃതർ എക്സിലൂടെ അറിയിച്ചിരുന്നു. നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത പ്ലേ ഓഫിൽ എത്താതെ പുറത്തായി.

ശനിയാഴ്ച കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെതിരായ മത്സരത്തിനായി ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തുന്ന ആരാധകരോട് കൊഹ്‌ലിയുടെ 18-ാം നമ്പർ ടെസ്റ്റ് ക്രിക്കറ്റ് ജേഴ്സി ധരിക്കണമെന്ന് ആർസിബി ആരാധകക്കൂട്ടത്തിന്റെ ആഹ്വാനമുണ്ടായിരുന്നു. ഇതോടെ സ്റ്റേഡിയത്തിന്റെ പരിസരത്തടക്കം കൊഹ്‌ലിയുടെ ജേഴ്സി വിൽപന നടന്നിരുന്നു.