ലെെസൻസ് പുതുക്കാൻ ഇരട്ടിപിഴയെന്ന് വ്യാപാരികൾ

Sunday 18 May 2025 12:43 AM IST
വ്യാപാരി ലെെസന്സ് പുതുക്കല്

കോഴിക്കോട്: വ്യാപാരി ലെെസൻസ് പുതുക്കുന്നതിൽ കാലതാമസം വന്നവരിൽ നിന്നും അമിത പിഴ ഈടാക്കുന്നതായി വ്യാപാരികളുടെ പരാതി. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വ്യാപാരികൾക്കാണ് കെ സ്മാർട് സോഫ്റ്റ് വെയർ വഴി ലെെസൻസ് പുതുക്കുമ്പോൾ ഫീയുടെ ഇരട്ടിവരെ തുക പിഴയായി നൽകേണ്ടി വന്നത്. ലേറ്റ് ഫീ, പെനാൾട്ടി എന്നീ വിഭാഗങ്ങളിലായി അമിത ചാർജ് ഈടാക്കുന്നത്. സാധാരണയായി ലെെസൻസ് പുതുക്കാൻ കാലതാമസമുണ്ടായാൽ ലേറ്റ് ഫീയാണ് ഈടാക്കുന്നത്. ഇതോടൊപ്പം 'അദർ പെനാൾട്ടീസ്' എന്നയിനത്തിലാണ് ലെെസൻസ് ഫീയുടെ ഇരട്ടിയോളം തുക പിഴയായി ഈടാക്കുന്നത്. മുൻപ് ലേറ്റ് ഫീ തുക അധികമാണെന്ന് കാണിച്ച് വ്യാപാരികൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് വാർഷിക ഫീസിന്റെ 10 ശതമാനം തുക ലെെസൻസ് ഫീസായി ഈടാക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു. ഒരു വർഷം വരെയുള്ള കാലതാമസത്തിന് വാർഷിക ഫീസിന്റെ 20 ശതമാനം തുകയും അതിൽ കൂടുതലുള്ള കാലയളവിൽ ഓരോ വർഷത്തേക്കും 25 ശതമാനം വീതവും ഫെെനായി ഈടാക്കാനും നിർദേശിച്ചു. ജില്ലയിലെ മറ്റ് മുനിസിപ്പാലിറ്റികളിലോ പഞ്ചായത്തുകളിലോ ഇത്തരം പ്രശ്നങ്ങൾ ഇല്ലെന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ സർക്കാർ നിശ്ചയിച്ച പ്രകാരമുള്ള തുക മാത്രമാണ് ഈടാക്കുന്നതെന്നാണ് കോർപ്പറേഷൻ അധികൃതരുടെ വിശദീകരണം.

" കെ സ്മാർട് വഴി ലെെസൻസ് പുതുക്കുമ്പോൾ അമിത പിഴ ഈടാക്കുന്ന വിഷയം കോർപ്പറേഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. അമിത ചാർജ് കാരണം പല വ്യാപാരികൾക്കും ലെെസൻസ് പുതുക്കാൻ സ്ഥാപിച്ചിട്ടില്ല. പ്രശ്നം ചൂണ്ടിക്കാട്ടി കോർപ്പറേഷൻ മേയർക്കും ഡെപ്യൂട്ടി മേയർക്കും സെക്രട്ടറിക്കും കത്ത് നൽകിയിട്ടുണ്ട്."

പി.സുനിൽകുമാർ , വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി