അജിത് കുമാർ വീണ്ടും ബറ്റാലിയൻ എ.ഡി.ജി.പി

Sunday 18 May 2025 12:48 AM IST

തിരുവനന്തപുരം: എക്‌സൈസ് കമ്മിഷണർ ആയുള്ള എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന്റെ സ്ഥലംമാറ്റം റദ്ദാക്കി. അജിത്കുമാർ ബറ്റാലിയൻ എ.ഡി.ജി.പി ആയി തുടരും. പൊലീസ് തലപ്പത്ത് കഴിഞ്ഞാഴ്ച നടത്തിയ അഴിച്ചുപണിയിലാണ് വീണ്ടും തിരുത്തൽ. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ആയി മാറ്റിയ മഹിപാൽ യാദവ് എക്‌സൈസ് കമ്മിഷണറായി തുടരും. പൊലീസ് അക്കാഡമിയിലെക്ക് മാറ്റിയ എ.ഡി.ജി.പി ബൽറാം കുമാർ ഉപാദ്ധ്യായ ജയിൽ മേധാവി ആയി തുടരും. ജയിൽ ഐ.ജി ആയി മാറ്റിയ കെ.സേതുരാമനെ പൊലീസ് അക്കാഡമിയിൽ തുടരാൻ അനുവദിച്ചു. കോസ്റ്റൽ പൊലീസ് ഐ.ജി ആയി മാറ്റിയ പി.പ്രകാശിനെ ക്രൈം റെക്കാഡ്സ് ബ്യൂറോയിൽ നിയമിച്ചു. ഇന്റേണൽ സെക്യൂരിറ്റി ഐ.ജി ആക്കിയ എ.അക്ബറിനെ കോസ്റ്റൽ പൊലീസിൽ നിയമിച്ചു.

പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായ

എസ്.ശ്രീജിത്തിന് സൈബർ ഓപ്പറേഷൻസിന്റെ അധിക ചുമതല നൽകി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എച്ച്.വെങ്കടേശിന് ക്രൈം ബ്രാഞ്ചിന്റെ അധിക ചുമതല നൽകി. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐ.ജി സ്പർജൻ കുമാറിന് എറണാകുളം, കോഴിക്കോട് ഐജിമാരുടെ അധിക ചുമതല നൽകി.