 എസ്.ഐ റാങ്ക് ലിസ്റ്റ് കാലാവധി രണ്ടാഴ്ച കൂടി; നിയമനം 114 മാത്രം

Sunday 18 May 2025 12:06 AM IST

തിരുവനന്തപുരം: സബ് ഇൻസ്പെക്‌ടർ ഒഫ് പൊലീസ് റാങ്ക് ലിസ്‌റ്റിന്റെ കാലാവധി അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ ഇതുവരെ നടന്നത് 10ശതമാനം നിയമന ശുപാർശ. സേനയിലെ അംഗബലം വർദ്ധിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് നൽകിയിട്ടും യാതൊരു നടപടിയുമില്ലെന്നതിന്റെ അവസാന ഉദാഹരണമാണ് എസ്.ഐ റാങ്ക് ലിസ്റ്റിന്റെ അവസ്ഥ. നേരത്തെ സിവിൽ പൊലീസ് (വനിതാ,പുരുഷ വിഭാഗങ്ങൾ) റാങ്ക് ലിസ്റ്റുകളിലും മതിയായ നിയമനം നടത്തിയില്ലെന്ന് ആരോപിച്ച് ഉദ്യോഗാർത്ഥികൾ സമര രംഗത്തുണ്ടായിരുന്നു.

2024 ജൂൺ 7ന് നിലവിൽ വന്ന സബ് ഇൻസ്പെക്‌ടർ റാങ്ക് ലിസ്‌റ്റിന്റെ കാലാവധി അടുത്ത മാസം 6ന് അവസാനിക്കും. മെയിൻ ലിസ്‌റ്റിൽ 694,സപ്ലിമെന്ററി ലിസ്റ്റ‌ിൽ 219,കോൺസ്‌റ്റാബ്യൂലറി വിഭാഗം ലിസ്റ്റിൽ 116,മിനിസ്റ്റീരിയൽ വിഭാഗം ലിസ്റ്റിൽ 6 എന്നിങ്ങനെ 1,035 പേരാണ് റാങ്ക് ലിസ്റ്റ‌ിലുള്ളത്. ഇതിൽ 114 പേർക്കേ ഇതുവരെ നിയമനമുണ്ടായിട്ടുള്ളൂ.

റാങ്ക് ലിസ്റ്റ‌് നിലവിൽ വന്ന് 11 മാസം കഴിഞ്ഞിട്ടും നിയമനം ഇഴയുന്നത് ഉദ്യോഗാർത്ഥികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മുൻ റാങ്ക് ലിസ്‌റ്റിൽ നിന്ന് 608 പേർക്ക് നിയമന ശുപാർശ ലഭിച്ചിരുന്ന സ്ഥാനത്താണ് കുറവ്. അതിനിടെ സബ് ഇൻസ്പെക്‌ടർ തസ്തികയുടെ പുതിയ റാങ്ക് ലിസ്‌റ്റ് പുറത്ത് വരും. പ്രിലിമിനറി,മെയിൻ പരീക്ഷകൾ പൂർത്തിയാക്കിയ ശേഷം ഷോർട്ട് ലിസ്റ്റ‌് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി 618 പേരാണ് ഷോർട്ട് ലിസ്റ്റിലുള്ളത്. കായികക്ഷമതാ പരീക്ഷ കഴിഞ്ഞിട്ടുണ്ട്. ഇതിൽ 269 പേർ വിജയിച്ചു. നിലവിലെ ലിസ്‌റ്റ് അവസാനിച്ചാലുടൻ പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരും.

നിയമനം

കഴിഞ്ഞ തവണ-608

ഇത്തവണ-114