വാക്സിനേഷൻ സമ്പൂർണമാക്കാൻ പ്രത്യേക ക്യാമ്പയിൻ; മീസിൽസ് റൂബെല്ല നിവാരണ പക്ഷാചരണം മേയ് 19 മുതൽ 31

Sunday 18 May 2025 12:07 AM IST

തിരുവനന്തപുരം: മീസൽസ്,റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് 5 വയസ് വരെയുള്ള കുഞ്ഞുങ്ങളുടെ വാക്സിനേഷൻ സമ്പൂർണമാക്കുന്നത്തിന് ആരോഗ്യ വകുപ്പ് 19 മുതൽ 31 വരെ പ്രത്യേക ക്യാമ്പയിൻ ആരംഭിക്കും.തിരുവനന്തപുരം,പാലക്കാട്, മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് എന്നീ ജില്ലകളിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും. മറ്റ് ജില്ലകളിൽ വാക്സിനേഷൻ കവറേജ് കുറഞ്ഞ പ്രദേശങ്ങളിൽ സ്ഥാപന തലത്തിലുള്ള ക്യാമ്പയിനും സംഘടിപ്പിക്കും. കുഞ്ഞുങ്ങളെ മീസിൽസ് റൂബെല്ല രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ എല്ലാവരും വാക്സിൻ എടുത്തെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. .വാക്സിനേഷൻ ഡോസുകൾ എടുക്കാൻ വിട്ടുപോയ 5 വയസ് വരെയുള്ള കുഞ്ഞുങ്ങളെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ കണ്ടെത്തി വാക്സിനേഷൻ നൽകും. ക്യാമ്പയിൻ നടക്കുന്ന ജില്ലകളിലേയും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും രണ്ടാഴ്ച്ചക്കാലം ഇതിനായി വാക്സിനേഷൻ സൗകര്യമൊരുക്കും.അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങൾ ലക്ഷ്യമിട്ട് മൊബൈൽ വാക്സിനേഷൻ ബൂത്തുകളും സജ്ജമാക്കും.കുഞ്ഞുങ്ങൾക്ക് വാക്സിൻ നിഷേധിക്കുന്ന കുടുംബങ്ങളെ ബോധവത്കരിക്കാൻ ജാഗ്രതാ സമിതികൾ രൂപീകരിക്കും. വാക്സിൻ മൂലം തടയാവുന്ന മറ്റ് 10 രോഗങ്ങളുടെ വാക്സിനുകൾ എടുക്കാൻ വിട്ടുപോയവർക്ക് അവകൂടി എടുക്കാൻ അവസരം നൽകും.