നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യത്തിനിടെ ഡി.എഫ്.ഒയ്ക്ക് മാറ്റം

Sunday 18 May 2025 12:18 AM IST

മലപ്പുറം: കാളികാവ് അടക്കാകുണ്ടിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യത്തിന്റെ ചുമതലയുള്ള നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ജി. ധനിക് ലാലിനെ തിരുവനന്തപുരം ഹെഡ്ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റി. പകരം തിരുവനന്തപുരം അസിസ്റ്റന്റ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് കെ. രാകേഷിനെ നിയമിച്ചു. മുവാറ്റുപുഴ വിജിലൻസ് കോടതിയിലെ അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിനെ തുടർന്നാണ് സ്ഥലംമാറ്റമെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച തീരുമാനം എൻക്വയറി കമ്മിഷണർ ആൻഡ് സ്‌പെഷൽ ജഡ്ജ് കൈകൊള്ളുന്നത് വരെയാണ് നിയമനമെന്ന് അണ്ടർ സെക്രട്ടറി സീത എസ്. ലക്ഷ്മി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

കടുവയെ പിടികൂടാനുള്ള ദൗത്യം മൂന്നാംദിവസത്തേക്ക് കടന്നപ്പോഴുള്ള അപ്രതീക്ഷിത സ്ഥലംമാറ്റത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ നീരസമുണ്ട്. ഡി.എഫ്.ഒയുടെ സ്ഥലംമാറ്റം ദൗത്യത്തെ ബാധിക്കുമെന്ന് ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയ പറഞ്ഞു. നിലമ്പൂരിലെ വനം വകുപ്പ് ഓഫീസിനും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരായ ജനരോഷമാണ് ഡി.എഫ്.ഒയെ മാറ്റാനുള്ള തീരുമാനത്തിന് പിന്നിലെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഡി.എഫ്.ഒയുടെ സ്ഥലംമാറ്റം ദൗത്യത്തെ യാതൊരുവിധത്തിലും ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ കടുവയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ ഡ‌ി.എഫ്.ഒ നടപടി എടുത്തിട്ടില്ലെന്ന് ആരോപണമുണ്ട്.

കടുവയുടെ സാന്നിദ്ധ്യം വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചുകൊന്ന പ്രദേശത്തിന് സമീപത്ത് സ്ഥാപിച്ച ക്യാമറയിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്. വനം വകുപ്പിന്റെ ഡാറ്റാബേസിലുള്ള കടുവ തന്നെയാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.