കെ.ടി.യുവിലെ അന്വേഷണം പ്രഹസനമെന്ന്

Sunday 18 May 2025 12:26 AM IST

കോഴിക്കോട്: കേരള സാങ്കേതിക സർവകലാശാല (കെ.ടി.യു) നടത്തിപ്പിൽ മേൽക്കൈ നേടാനായി സർക്കാർ ഇല്ലാത്ത അധികാരം പ്രയോഗിച്ചതിൽ എതിർപ്പുമായി വിവിധ സർവകലാശാല സിൻഡിക്കേറ്റംഗങ്ങൾ. വൈസ് ചാൻസലറെ അറിയിക്കാതെ ഉന്നതവിദ്യാഭ്യാസ വകുപ്പ് സർവകലാശാലയിലേക്ക് അന്വേഷണ സംഘത്തെ അയച്ചതിലാണ് പ്രതിഷേധം. സർവകലാശാലകളിൽ അരാജകത്വം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇടതു സർക്കാർ നിയമസഭയിൽ പാസാക്കിയെടുത്ത ബില്ലുകളെ സംശയത്തോടെ സമീപിക്കാനാവൂവെന്നും കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം എ.കെ അനുരാജ്,കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാർ,​ടി. ജി നായർ,പി.എസ് ഗോപകുമാർ എന്നിവർ വ്യക്തമാക്കി. എസ്.എഫ്.ഐ നേതാവിൽ നിന്ന് അടിസ്ഥാനരഹിതമായ പരാതി വാങ്ങി നടപടിയുമായി മുന്നോട്ടുപോവുക വഴി മന്ത്രി ആർ.ബിന്ദുവിന്റെ ഓഫീസ് ഇല്ലാത്ത അധികാരം പ്രയോഗിക്കാനാണ് ശ്രമിക്കുന്നതെന്നും സിൻഡിക്കേറ്റംഗങ്ങൾ പ്രസ്താവനയിൽ വ്യക്തമാക്കി.