ജി.സുധാകരനെതിരായ മൊഴിയെടുപ്പ് ഉടനില്ല
ആലപ്പുഴ: പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയെന്ന വിവാദ പ്രസംഗത്തിൽ മുൻ മന്ത്രി ജി.സുധാകരനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തെങ്കിലും തുടർനടപടി ഉടൻ ഉണ്ടാവില്ല. രേഖാമൂലമുള്ള തെളിവുകൾ പരമാവധി ശേഖരിച്ചശേഷം മാത്രം മൊഴിയെടുത്താൽ മതിയെന്നാണ് പൊലീസിന്റെ തീരുമാനം. പരമാവധി രേഖാമൂലമുള്ള തെളിവുകൾ ശേഖരിക്കുന്നതിനാണ് പൊലീസ് ശ്രമിക്കുന്നത്.
കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തോട് രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്. 36 വർഷം മുമ്പുള്ള സംഭവമായതിനാൽ തെളിവുകൾ ശേഖരിച്ചു മാത്രമേ മറ്റു നടപടികളിലേക്ക് കടക്കാൻ സാധിക്കൂ. സുധാകരനുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും തെളിവു ലഭിച്ചാൽ മാത്രമേ അദ്ദേഹത്തിന്റെ മൊഴിയെടുക്കാൻ സാദ്ധ്യതയുള്ളൂ. ജാമ്യമില്ലാവ്യവസ്ഥ പ്രകാരം കേസെടുത്തത് സമ്മർദ്ദം മൂലമല്ലെന്നാണ് പൊലീസ് ഭാഷ്യം. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയ ശേഷമാണ് സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.