57 ദിവസം പിന്നിട്ട് കെ.എം.എം.എൽ സത്യഗ്രഹ സമരം
ചവറ: കെ.എം.എം.എൽ മാനേജ്മെന്റിനോടും ബന്ധപ്പെട്ട വകുപ്പിലെ ഭരണ സംവിധാനത്തോടും ഞങ്ങളോട് എന്തിന് ഈ അനീതി എന്ന ചോദ്യമുയർത്തുകയാണ് കെ.എം.എം.എൽ കമ്പനിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡി.സി.ഡബ്ള്യു തൊഴിലാളികൾ. നിലവിൽ ഡി.സി.ഡബ്ള്യു തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് തൊഴിലാളി ഐക്യത്തിന്റെ നേതൃത്വത്തിൽ കമ്പനി പടിക്കൽ നടത്തി വരുന്ന സത്യഗ്രഹ സമരം 57 ദിവസം പിന്നിടുന്നു. കെ.എം.എം.എൽ ഫാക്ടറിയിൽ കരാർ വ്യവസ്ഥയിൽ തൊഴിലെടുക്കുന്ന തൊഴിലാളികളെയും കമ്പനിക്കായി സ്ഥലം വിട്ട് നൽകി വീടും സ്ഥലവും നഷ്ടപ്പെട്ട ആൾക്കാരെയും കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള ലിസ്റ്റിൽ ഉള്ളവരെയാണ് ഡി.സി.ഡബ്ലിയു തൊഴിലാളികൾ എന്നറിയപ്പെടുന്നത്. തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ മേയ് 9 ന് മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ട്രേഡ് യൂണിയൻ നേതാക്കന്മാരും മാനേജ്മെന്റുമായി നടന്ന ചർച്ചയിൽ തീരുമാനമായില്ല. തുടർന്ന് കഴിഞ്ഞ ദിവസം സമരസമിതി നേതാക്കളെ മാത്രം വിളിച്ച് മന്ത്രി ചർച്ച ചെയ്തിട്ടും ചർച്ച അലസിപ്പിരിയുകയായിരുന്നു. തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതുവരെ സമരവുമായി മുന്നോട്ട് പോകുവാനാണ് തൊഴിലാളി ഐക്യ സമരസമിതിയുടെ തീരുമാനം. 14 വർഷക്കാലമായി തൊഴിലെടുക്കുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് തൊഴിലാളി ഐക്യം സമരം നടക്കുന്നത്. തൊഴിലാളി നേതാക്കളായ നെറ്റിയാട് റാഫി, കിഷോർചിറ്റൂർ, ശിവപ്രസാദ്, ഷിഖാൻ പോക്കാട്ട് ,സുരേഷ് കളരി എന്നിവർ സമരത്തിന് നേതൃത്വം നൽകി.