യു കെയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമത് ഈ ഇന്ത്യൻ കുടുംബം,​ ആസ്തി 3530 കോടി പൗണ്ട്

Sunday 18 May 2025 1:31 AM IST

മുംബയ്: 110 വർഷത്തെ പാരമ്പര്യമുള്ള ബഹുരാഷ്ട്ര വ്യവസായ ഗ്രൂപ്പായ ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനായ ഗോപിചന്ദ് ഹിന്ദുജയുടെ നേതൃത്വത്തിലുള്ള ഹിന്ദുജ കുടുംബം 3530 കോടി പൗണ്ട് ആസ്തിയുമായി സൺഡേ ടൈംസ് സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തി. തുടർച്ചയായ നാലാം വർഷമാണ് ഹിന്ദുജ കുടുംബം ഈ നേട്ടം കൈവരിക്കുന്നത്. യു.കെയിൽ താമസിക്കുന്ന ഏറ്റവും സമ്പന്നരായ വ്യക്തികളും കുടുംബങ്ങളുമാണ് സൺഡേ ടൈംസിന്റെ പട്ടികയിലുള്ളത്. നടപ്പുവർഷത്തെ പതിപ്പിൽ 350 എൻട്രികളാണ് ഉൾപ്പെട്ടിരിക്കുന്നത്. ആഗോളതലത്തിൽ പ്രതിസന്ധികളും നയമാറ്റങ്ങളും ഉണ്ടായിട്ടും, ഹിന്ദുജ കുടുംബം അസാധാരണമായ ബിസിനസ് കരുത്തും ആഗോള നേതൃത്വവും തുടരുകയാണ്.

മൊബിലിറ്റി, ഡിജിറ്റൽ സാങ്കേതികവിദ്യ, ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ, മീഡിയ, പ്രോജക്ട് ഡെവലപ്പ്മെന്റ്, ലൂബ്രിക്കന്റ്, സ്പെഷ്യാലിറ്റി കെമിക്കലുകൾ, ഊർജം, റിയൽ എസ്റ്റേറ്റ്, ട്രേഡിംഗ്, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഗ്രൂപ്പ് നിക്ഷേപം നടത്തിയിട്ടുണ്ട്. ഹിന്ദുജ ഫൗണ്ടേഷനിലൂടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സുസ്ഥിര ഗ്രാമവികസനം, ജലസംരക്ഷണം, തുടങ്ങിയ മേഖലകളിൽ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിലും ഹിന്ദുജ ഗ്രൂപ്പ് വ്യാപൃതരാണ്.