തീരദേശ ഹൈവേ: രണ്ടാം റീച്ച് നഷ്ടപരിഹാര നിർണയത്തിലേക്ക്

Sunday 18 May 2025 1:46 AM IST
തീരദേശ ഹൈവേ

കൊല്ലം: തീരദേശ ഹൈവേയുടെ തങ്കശേരി മുതൽ നീണ്ടകര വരെയുള്ള ജില്ലയിലെ രണ്ടാം റീച്ചിലെ സ്ഥലമേറ്റെടുക്കലിന്റെ സാമൂഹ്യാഘാത പഠന റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചു. സർക്കാർ നിയോഗിക്കുന്ന വിദഗ്ദ്ധ സമിതി വൈകാതെ റിപ്പോർട്ട് പരിശോധിച്ച് സർക്കാരിന് ശുപാർശ സമ‌ർപ്പിക്കും.

അതിന് പിന്നാലെ സ്ഥലമേറ്റെടുക്കലിനുള്ള പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ച് വില നിർണയത്തിലേക്ക് കടക്കും. ഏറ്റെടുക്കാൻ നിർദ്ദേശിച്ചിട്ടുള്ള ഭൂമി ഏറ്റവും കുറഞ്ഞ അളവിലാണെന്നും പകരം പ്രയോജനപ്പെടുത്താവുന്ന മറ്റ് സ്ഥലങ്ങളില്ലെന്നുമാണ് പഠന റിപ്പോർട്ട്. ഒഴിപ്പിക്കപ്പെടുന്നവ‌ർ, വീടുകളും സ്ഥാപനങ്ങളും നഷ്ടമാകുന്നവർ എന്നിവരിൽ വലിയൊരു വിഭാഗം കടലുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരാണ്.

ഇവർക്ക് ഉപജീവനം തുടരാൻ കഴിയുന്ന തരത്തിൽ തീരപ്രദേശത്ത് തന്നെ പുനരധിവാസം ഉറപ്പാക്കാൻ സർക്കാരും കോർപ്പറേഷനും മുൻകൈയെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനായി ഏറ്റെടുക്കാൻ കഴിയുന്ന സ്വകാര്യ ഭൂമികൾ പ്രദേശത്തുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇനി പ്രാഥമിക വിജ്ഞാപനം

സ്ഥലമേറ്റെടുക്കലിനുള്ള പ്രാഥമിക വിജ്ഞാപനം വരുന്നതിന് പിന്നാലെ ഓരോ സർവേ നമ്പരിൽ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ്, ഉടമയുടെ പേര് എന്നിവ സഹിതമുള്ള സ്ഥലമേറ്റെടുപ്പ് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂവുടമകളുടെ പരാതി പരിഹരിച്ച് വിലനിർണയത്തിലേക്ക് കടക്കും. നടപടികൾ പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ രണ്ടാം റീച്ചിൽ നഷ്ടപരിഹാരം വിതരണം ചെയ്ത് സ്ഥലമേറ്റെടുക്കാമെന്നാണ് കണക്കുകൂട്ടൽ.

രണ്ടാം റീച്ച്  തങ്കശേരി - നീണ്ടകര

 ആരാധനാലയങ്ങളെ ബാധിക്കില്ല

 ഏറ്റെടുക്കൽ 372 ഉടമകളിൽ നിന്ന്

 7 വീടുകൾ പൂർണമായും നഷ്ടമാകും  70 വീടുകൾ ഭാഗികമായി

 8 വീടുകൾ പകുതി പോകും

 50 ഓളം കച്ചവട സ്ഥാപനങ്ങളെ ബാധിക്കും

ഏറ്റെടുക്കേണ്ട ഭൂമി

9.57 ഹെക്ടർ

റോഡ്

14 മീറ്ററിൽ

പഠന റിപ്പോർട്ട് പരിശോധിക്കാൻ സർക്കാർ വൈകാതെ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. അവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി.

കെ.ആർ.എഫ്.ബി അധികൃതർ